1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2025

സ്വന്തം ലേഖകൻ: 15 മാസം നീണ്ട യുദ്ധത്തിന് ഒടുവില്‍ അന്ത്യമാകുന്നു. ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനുമായി ഇസ്രായേലും ഹമാസും തമ്മിലുള്ള കരാര്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

കരാറില്‍ അവസാന നിമിഷം ഹമാസ് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കരാര്‍ ഒപ്പിടുന്നത് നെതന്യാഹു വൈകിപ്പിച്ചിരുന്നു. സുരക്ഷാ കാബിനറ്റ് വിളിക്കുമെന്നും തുടര്‍ന്ന് സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുമെന്നും ഗാസയിലെ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തി ഡസന്‍ കണക്കിന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

”ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഞങ്ങളുടെ എല്ലാ ബന്ദികളേയും തിരികെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ ഇസ്രായേല്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്,” നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസയില്‍ നിന്ന് മടങ്ങുന്ന ബന്ദികളെ സ്വീകരിക്കാന്‍ തയ്യാറെടുക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കരാറില്‍ എത്തിയതായി അവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനെതിരെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത പ്രതിഷേധം നെതന്യാഹു നേരിട്ടിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുകയാണെന്നും ഇസ്രായേല്‍ വെടിനിര്‍ത്തലിന് അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍ വിടുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഭീഷണി മുഴക്കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് ശേഷം ബെന്‍-ഗ്വീറില്‍ ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.

2023 ഒക്ടോബര്‍ 7-ന് ഇസ്രായേല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിലൂടെ 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധത്തിന് തുടക്കമിട്ടത്. 46,000 ഫലസ്തീനികളെ കൊന്നൊടുക്കിയ വിനാശകരമായ ആക്രമണത്തിലൂടെയാണ് ഇസ്രായേല്‍ പ്രതികരിച്ചത. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷവും ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഗാസയില്‍ കടുത്ത ആക്രമണം നടത്തുകയും 80തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.