1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2025

സ്വന്തം ലേഖകൻ: ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്‍റ് സൗകര്യം ലഭ്യമാകും. നാഷനൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര വിഭാഗമായ എൻപിസിഐ ഇന്‍റർനാഷനൽ പേയ്മെന്‍റ്സ് ലിമിറ്റഡ് (എൻഐപിഎൽ) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.

മാഗ്നാറ്റിയുടെ പോയിന്‍റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകൾ വഴി ഇന്ത്യൻ യാത്രക്കാർക്ക് യുഎഇയിലെ ക്യുആർ അധിഷ്ഠിത മർച്ചന്‍റ് പേയ്മെന്‍റ് നെറ്റ്‌വർക്കിലൂടെ ഇനി മുതൽ പണമിടപാടുകൾ നടത്താം.ദുബായിലേക്കും യുഎഇയിലേക്കും പ്രതിവർഷം യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് തടസ്സമില്ലാത്ത പേയ്മെന്‍റ് സൗകര്യങ്ങൾ നൽകാൻ എൻഐപിഎല്ലിന് സാധിക്കും.

ആദ്യ ഘട്ടത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീയിലുടനീളം ലഭ്യമായ ഈ സേവനം പിന്നീട് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റ് തുടങ്ങിയ മേഖലകളിലും ലഭ്യമാകും. യുഎഇയിൽ യുപിഐ സ്വീകാര്യത വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് മാഗ്നാറ്റിയുമായുള്ള പങ്കാളിത്തമെന്ന് എൻപിസിഐ ഇന്‍റർനാഷനൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റിതേഷ് ശുക്ല പറഞ്ഞു.

എൻപിസിഐ ഇന്‍റർനാഷനലുമായുള്ള സഹകരണത്തിലൂടെ ഡിജിറ്റൽ പേയ്മെന്‍റുകൾ ശക്തിപ്പെടുത്താനും ഇന്ത്യൻ യാത്രക്കാർക്കും എൻആർഐകൾക്കും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മാഗ്നാറ്റി ഇൻസ്റ്റിറ്റ്യൂഷനൽ പേയ്മെന്‍റ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ സലിം അവാൻ പറഞ്ഞു.

എൻപിസിഐ ഇന്‍റർനാഷനലുമായുള്ള മാഗ്നാറ്റിയുടെ സഹകരണത്തിലൂടെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അനായാസവും സുരക്ഷിതവുമായ പണമിടപാട് നടത്താനാകുമെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ സിഇഒ രമേശ് സിദാംബി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.