സ്വന്തം ലേഖകൻ: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. തയ്യൂർ പാടത്ത് വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തത്.
റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തിനിടെ കൊല്ലപ്പെട്ട കുട്ടനെല്ലൂർ തോളത്ത് ബിനിൽ (31), പരിക്കേറ്റ തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ ജെയിൻ(28) എന്നിവരുടെ ബന്ധുക്കളാണ് ഇവർക്കെതിരേ പരാതി നൽകിയത്. ബിനിലിന്റെ ഭാര്യയുടെ ബന്ധുവാണ് ജെയിൻ. ജെയിനിന്റെ പിതാവ് കുരിയൻ, ബിനിലിന്റെ ഭാര്യ ജോയ്സി എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് കമ്മിഷണർക്കും ഇവർ പരാതി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനംചെയ്ത് ഇരുവരിൽ നിന്നും കസ്റ്റഡിയിലുള്ളവർ ലക്ഷങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. എറണാകുളം പോപ്പുലർ മാരുതി ഷോറൂമിൽ മെക്കാനിക്കായിരുന്നു ജെയിൻ. അകന്ന ബന്ധുവായ സിബി, തനിക്ക് പോളണ്ടിൽ എക്സ്റേ വെൽഡിങ് ജോലിയാണെന്നും പ്രതിമാസം രണ്ടുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്താമെന്നും ജെയിനിനോട് വാഗ്ദാനംചെയ്ത് ഒരു ലക്ഷത്തിനാല്പതിനായിരം രൂപ കൈപ്പറ്റുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പിന്നീട് റഷ്യയിലേക്ക് ഓഫീസ് മാറ്റിയെന്ന് അറിയിച്ചു. റഷ്യയിൽ ഇലക്ട്രീഷ്യനായി ജോലിനൽകാമെന്നും ഉറപ്പുനൽകി. നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന് അറിയിച്ചു. മികച്ച ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചപ്പോൾ ബന്ധു ബിനിലും പോകാൻ തയ്യാറാകുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ഇതോടെ സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) ടിക്കറ്റിനും അനുബന്ധച്ചെലവുകൾക്കുമെന്നു പറഞ്ഞ് 4.20 ലക്ഷം രൂപയും കൈപ്പറ്റിയതായി പരാതിയിലുണ്ട്. തട്ടിപ്പോ വഞ്ചനയോ നടത്തിയിട്ടില്ലെന്നും യുവാക്കളുടെയും ബന്ധുക്കളുടെയും പൂർണസമ്മതത്തോടെയാണ് റഷ്യയിലേക്ക് കൊണ്ടുപോയതെന്നുമാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല