സ്വന്തം ലേഖകൻ: ദുബായിലെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഓഫീസുകളുടെ പട്ടിക പുറത്തുവിട്ട് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ദുബായ് ഗവണ്മെന്റ് കസ്റ്റമര്‍ ആന്‍ഡ് എംപ്ലോയി ഹാപ്പിനസ് സൂചികകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം. ഉപഭോക്താക്കളെന്ന വ്യാജേന വിവിധ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മിസ്റ്ററി ഷോപ്പര്‍മാരുടെ സംഘം നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളും ശെയ്ഖ് ഹംദാന്‍ പുറത്തിറക്കി.
ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടേറിയറ്റിന്റെ ഭാഗമായ ദുബായ് ഗവണ്മെന്റ് എക്സലന്‍സ് പ്രോഗ്രാമാണ് എല്ലാ വര്‍ഷവും ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഇതുപ്രകാരം, ദുബായ് ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തില്‍ ശരാശി 93.8 ശതമാനം റേറ്റിംഗ് രേഖപ്പെടുത്തി. ഓഫീസുകളിലെ ജീവനക്കാരുടെ സന്തോഷ റേറ്റിങ് 86.7 ശതമാനവും മിസ്റ്ററി ഷോപ്പര്‍ സ്കോര്‍ 95.8 ശതമാനവുമാണ്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2024 വര്‍ഷത്തില്‍ ഉപഭോക്തൃ സന്തോഷത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സര്‍ക്കാര്‍ സ്ഥാപനം മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റാണ്. 98.75 ശതമാനമാണ് ഇതിന്റെ സ്കോര്‍. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ( 97.01 ശതമാനം ), ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (96.99 ശതമാനം) എന്നിവയാണ് തൊട്ടുപിറകിലുള്ളത്.
ജീവനക്കാരുടെ സന്തോഷത്തിന്റെ കാര്യത്തില്‍, 96.7 ശതമാനവുമായി മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഔഖാഫ് ദുബായ് (96.2 ശതമാനം), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് ( 95.3 ശതമാനം ) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സന്തോഷ സൂചികകളില്‍ ഏറ്റവും ഉയര്‍ന്ന സ്കോറുകള്‍ നേടിയ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റിനെയും മറ്റു സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതായി ശെയ്ഖ് ഹംദാന്‍ പറഞ്ഞു. ദുബായ് സര്‍ക്കാരിനെ നിര്‍വചിക്കുന്ന മികവിന്റെയും സേവനത്തിന്റെയും മൂല്യങ്ങളെ ഈ നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല