1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2025

സ്വന്തം ലേഖകൻ: അനധികൃതമായി രാജ്യത്തെത്തിയ ബംഗ്ലാദേശുകാര്‍ക്കെതിരേ മുംബൈ പോലീസ് കര്‍ശനനടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇതിലൊരാള്‍ പിടിയിലാകുന്നത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ 15 ദിവസങ്ങളിലായി 90 അനധികൃത ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്കും അവിടെ ഹിന്ദുക്കള്‍ക്കുനേരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കും മറുപടിയായി അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശില്‍ നിന്നുള്ളവരെ ഇന്ത്യയിലേക്ക് കടത്തുന്നതിന് ഏജന്റുമാരുടെ സമഗ്രശൃംഖല പ്രവര്‍ത്തിക്കുന്നതായി പോലീസിന് അന്വേഷണത്തില്‍നിന്ന് വ്യക്തമായിട്ടുണ്ട്. അനധികൃത പ്രവേശനം ഉറപ്പാക്കുന്നതിനും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സമ്പാദിക്കുന്നതിനും ഇന്ത്യയില്‍ തൊഴില്‍ കണ്ടെത്തുന്നതിനുമുള്ള പരമാവധി ചെലവ് 25,000 രൂപ മാത്രമാണെന്ന് പോലീസ് വെളിപെടുത്തുന്നു.

പശ്ചിമ ബംഗാളിലൂടെ കരമാര്‍ഗമാണ് ഏറ്റവും സുരക്ഷിതവും ചെലവേറിയതുമായ പാത. ഒരാള്‍ക്ക് 20,000 രൂപ വേണ്ടിവരും. ഏജന്റുമാര്‍ സുരക്ഷിതമായ ക്രോസിങ് ഉറപ്പുനല്‍കുന്നുണ്ട്. പര്‍വതപാതയാണ് ദുഷ്‌കരമായ വഴി. ഇതിന് ഒരാള്‍ക്ക് 8,000 രൂപയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്. ജലപാതകള്‍ വഴിയാണെങ്കില്‍ 4,000 രൂപ മാത്രമേ ചെലവുവരൂ. എന്നാല്‍, മുതലയുടെയും കടുവയുടെയും ആക്രമണം പോലുള്ള അപകടങ്ങള്‍ നിറഞ്ഞ മാര്‍ഗമാണിത്. പര്‍വതപാത പോലെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇതിനോടും ആഭിമുഖ്യമില്ലെന്ന് പോലിസ് പറയുന്നു.

ഇന്ത്യയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 2000 രൂപയ്ക്ക് വ്യാജ ജനനസര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡുകളും തരപ്പെടുത്താനും ഏജന്റുമാര്‍ സഹായിക്കുന്നു. ഈ വ്യാജ രേഖകള്‍ ഉപയോഗിച്ച്, നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തുടനീളം അനിയന്ത്രിതമായ സഞ്ചാരം ഉറപ്പാക്കുന്നു. 3,000 രൂപ കമ്മിഷനോടെ ഇവര്‍ക്ക് താമസവും ജോലിയും ക്രമീകരിക്കുന്ന ലേബര്‍ കോണ്‍ട്രാക്ടര്‍മാരുണ്ട്. ഗോവണ്ടി, മാന്‍ഖുര്‍ദ്, ശിവാജിനഗര്‍, മാല്‍വാനി തുടങ്ങിയ ചേരിപ്രദേശങ്ങളിലാണ് ഇവര്‍ കൂടുതലായി തമ്പടിക്കുന്നതെന്ന് മുംബൈ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.

മാള്‍ഡ, മുര്‍ഷിദാബാദ്, പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ് നുഴഞ്ഞുകയറ്റങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത്. ദിനാജ്പൂര്‍, ചപ്പായ്, നവാബ്ഗഞ്ച് എന്നിവിടങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്.) കണ്ണുവെട്ടിക്കാന്‍ ഏജന്റുമാര്‍ മൂടല്‍മഞ്ഞുള്ള രാത്രികളാണ് ഉപയോഗപ്പെടുത്തുന്നത്.

തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ കാരണം നാടുകടത്തുന്നത് വൈകുന്നതിനാല്‍ ഈ അനധികൃതമായെത്തുന്ന ബംഗ്ലാദേശുകാര്‍ നിയമനടപടികളെ ഭയപ്പെടുന്നില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. ജാമ്യം ലഭിച്ചുകഴിഞ്ഞാല്‍, അവര്‍ വീണ്ടും ഈ ചേരികളിലേക്ക് മടങ്ങുന്നു. 2021-നും 2025-നും ഇടയില്‍ 1,027 ബംഗ്ലാദേശികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 222 നുഴഞ്ഞുകയറ്റക്കാരുടെ നാടുകടത്തല്‍ നടപടികള്‍ മാത്രമേ നടന്നിട്ടുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.