സ്വന്തം ലേഖകൻ: അതിവേഗത്തില്‍ പാസ് പോർട്ട് പുതുക്കാന്‍ കഴിയുന്ന സേവനം ദുബായ് അബുദബി എംബസി കോണ്‍സുലേറ്റ് വഴി മാത്രമെ ലഭ്യമാകൂവെന്ന് വിശദീകരിച്ച് യുഎഇ ഇന്ത്യന്‍ എംബസി. പ്രവാസികള്‍ക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ വിശദീകരിച്ച് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാസ് പോർട്ട് സേവനങ്ങള്‍ വേഗത്തിലും സൗകര്യപ്രദമായും നടപ്പിലാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
പാസ് പോർട്ട് പുതുക്കല്‍, തല്‍ക്കാല്‍ പാസ് പോർട്ട് പുതുക്കല്‍, പ്രീമിയം ലോഞ്ച് പാസ്പോർട്ട് പുതുക്കല്‍ എന്നിവയെ സംബന്ധിച്ചുളള കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഓരോ സേവനങ്ങളും പൂർത്തിയാക്കാന്‍ എടുക്കുന്ന സമയവും നല്‍കിയിട്ടുണ്ട്. യുഎഇയിലെ ഇന്ത്യന്‍ പാസ് പോസ്പോർട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതും നടപടികള്‍ക്കായി അയക്കുന്നതും ബിഎല്‍എസ് വഴിയാണ്. ബിഎല്‍എസിന്റെ വിവിധ കേന്ദ്രങ്ങളിലെത്തി അപേക്ഷ നല്‍കാം. പ്രീമിയം ലോഞ്ചസിന്റെ വെബ്സൈറ്റുവഴിയും അപേക്ഷ നല്‍കാവുന്നതാണ്.
പ്രീമിയം ലോഞ്ച് സേവനത്തിലൂടെ അപേക്ഷ നല്കിയാല് അതിവേഗത്തില്‍ പാസ്പോർട്ട് പുതുക്കല്‍ സേവനമല്ല ലഭിക്കുകയെന്ന് എംബസി വ്യക്തമാക്കുന്നു. ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഫീസ് അടച്ച് തൽക്കാല്‍ സേവനത്തിലൂടെ മാത്രമേ അതിവേഗ പാസ്പോര്‍ട്ട് പുതുക്കല്‍ ലഭ്യമാവൂ.പ്രീമിയം ലോഞ്ച് പാസ്പോർട്ട് പുതുക്കല്‍ സേവനത്തിന് ബിഎല്‍എസ് പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്. വ്യക്തിപരിഗണന ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ സാധാരണ രീതിയില്‍ പാസ്പോർട്ട് പുതുക്കാനെടുക്കുന്ന സമയം ഈ സേവനത്തിലും എടുക്കും.
തല്‍ക്കാല്‍ പാസ്പോർട്ട് സേവനത്തിന് മുന്‍കൂർ ബുക്കിങ് ആവശ്യമില്ല. നേരിട്ടെത്തി നല്കുന്ന എല്ലാ തല്‍ക്കാല്‍ അപേക്ഷകളും സ്വീകരിക്കും. പാസ്പോര്‍ട്ട് പുതുക്കല്‍ സേവനങ്ങള്‍ക്ക് ഇന്ത്യയിലെ പൊലീസ് ക്ലിയറന്‍സ് അനിവാര്യമാണ്. അപേക്ഷിക്കുന്ന സമയത്ത് തിരഞ്ഞെടുക്കുന്ന സേവന വിഭാഗത്തെ ആശ്രയിച്ചാണ് ഇതു നടക്കുകയെന്നും എംബസി വ്യക്തമാക്കി. തല്‍ക്കാല്‍ സേവനത്തിനുകീഴില് തൊട്ടടുത്ത പ്രവൃത്തി ദിനത്തിലോ അല്ലെങ്കില്‍ ഉച്ചക്ക് 12നു മുന്നോടിയായി അപേക്ഷ നല്കിയാല് അതേ ദിവസം തന്നെയോ പാസ്പോര്‍ട്ട് അനുവദിക്കും. പോലീസ് ക്ലിയറന്‍സെല്ലാം അതിവേഗത്തില്‍ പൂർത്തിയാക്കും.
മുതിര്‍ന്നവര്‍ക്കുള്ള പാസ്പോര്‍ട്ട് പുതുക്കലിന്(36പേജ്) 285 ദിര്‍ഹമാണ് ഫീസ്. 60 പേജിന് 380 ദിര്‍ഹം ഈടാക്കും.തൽക്കാല്‍ സേവനം(36 പേജ്)855 ദിര്‍ഹം, 60 പേജിന് 950 ദിര്‍ഹമും നല്‍കണം. 9 ദിര്‍ഹം സര്‍വിസ് ചാര്‍ജിനത്തിലും 8 ദിര്‍ഹം പ്രവാസി ക്ഷേമ നിധിയിലേക്കും നല്‍കണം.പ്രീമിയം ലോഞ്ച് സര്‍വിസ് ചാര്‍ജിനത്തില്‍ 236.25 ദിര്‍ഹം നല്‍കണം. ഇതിനു പുറമെയാണ് പാസ്പോര്‍ട്ടിനുള്ള പതിവ് ഫീസ് നിരക്കുകള്‍ നല്‍കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല