സ്വന്തം ലേഖകൻ: ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയുണ്ടായ ഇലോൺ മസ്‌കിന്റെ ആംഗ്യങ്ങൾ വിവാദമാകുന്നു. നാസി സല്യൂട്ടിന് സമാനമായ ആംഗ്യമാണ് മസ്ക് വേദിയിൽ കാണിച്ചതെന്നാണ് ഉയരുന്ന വാദം.
“ഇതൊരു സാധാരണ വിജയമായിരുന്നില്ല. മനുഷ്യ നാഗരികതയുടെ പാതയിൽ ഇത് ശരിക്കും പ്രാധാന്യമർഹിക്കുന്നതാണ്. നന്ദി,” മസ്ക് വേദിയിൽ പറഞ്ഞു, അതിനുശേഷം അദ്ദേഹം വലതു കൈ നെഞ്ചിൽ അടിച്ച് വിരലുകൾ വിടർത്തി തൻ്റെ കൈ മുകളിലേക്ക് ഒരു വശത്തേക്ക് നീട്ടി ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്തു. ഈ ആംഗ്യമാണ് ഇപ്പോൾ വിവാദത്തിന് തിരി തെളിച്ചത്.
ചില ഉപയോക്താക്കൾ ടെസ്‌ല സിഇഒയുടെ പ്രവൃത്തിക്കെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. നാസി സല്യൂട്ടാണ് മസ്ക് അനുകരിച്ചതെന്നാണ് വിമർശനം. ന്യൂയോർക്ക് ആസ്ഥാനമായുള്ള ആൻ്റി ഡിഫമേഷൻ ലീഗ്, മസ്കിന്റേത് നാസി സല്യൂട്ട് അല്ലെന്ന് അവകാശപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വിവാദങ്ങൾക്കിടെ “ഭാവി വളരെ ആവേശകരമാണ്” എന്ന കുറിപ്പോടെ മസ്ക് എക്സിൽ റീട്വീറ്റ് ചെയ്ത വീഡിയോയിൽ ഈ ഭാഗം ഉൾപ്പെടുത്തിയില്ല.
യു.എസിന്റെ 47-ാം പ്രസിഡന്റായിട്ടാണ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 1861-ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ൽ തന്റെ അമ്മ നൽകിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സത്യപ്രതിജ്ഞ ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല