1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2025

സ്വന്തം ലേഖകൻ: ലോകത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണെന്ന് അന്താരാഷ്ട്ര അവകാശസംഘടനയായ ഓക്സ്‌ഫാം. 2024-ൽ ലോകത്തെ അതിസമ്പന്നരുടെ സമ്പത്ത് തൊട്ടുമുൻപത്തെ വർഷത്തെക്കാൾ മൂന്നിരട്ടിവേഗത്തിൽ വളർന്നു. രണ്ടുലക്ഷം കോടി ഡോളറിന്റെ വർധനയാണുണ്ടായത്. ഇതോടെ അവരുടെ പക്കലുള്ള സമ്പാദ്യം 15 ലക്ഷംകോടി ഡോളറായി പെരുകി.

അതേസമയം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ (പ്രതിദിനം ആറര ഡോളർ (560 രൂപ) വരുമാനമുള്ളവർ) സമ്പത്തിൽ 1990 മുതൽ കാര്യമായ മാറ്റമുണ്ടായില്ല. 2024-ൽ ലോകത്തെ അതിസമ്പന്നരായ പത്തുപേരുടെ സമ്പത്ത് ഒരുദിവസം ശരാശരി 10 കോടി ഡോളറാണ് കൂടിയത്. പത്തുവർഷത്തിനുള്ളിൽ ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ള (ട്രില്യണയർ) അഞ്ചുപേരെങ്കിലുമുണ്ടാകുമെന്നാണ് ഓക്സ്‌ഫാമിന്റെ പ്രവചനം.

യൂറോപ്പിലെ അതിസമ്പന്നരുടെ സമ്പത്തിന്റെ വലിയഭാഗവും കോളനിവത്കരണത്തിലൂടെ ലഭിച്ചതും ദരിദ്രരാജ്യങ്ങളെ ചൂഷണംചെയ്തുണ്ടാക്കിയതുമാണ്. മുൻ കൊളോണിയൽ ശക്തികൾ ഭൂതകാലത്ത് ചെയ്ത ദോഷകരമായ പ്രവൃത്തികൾ നഷ്ടപരിഹാരം നൽകി പരിഹരിക്കണമെന്ന് സംഘടന നിർദേശിച്ചു.

ലോക സാമ്പത്തികഫോറത്തിന്റെ വാർഷിക ഉച്ചകോടിയുടെ ആദ്യദിനം പുറത്തുവിട്ട സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഓക്സ്‌ഫാമിന്റെ കണ്ടെത്തലുകളുള്ളത്.

ഇതിനുമുൻപ് അതിസമ്പന്നരുടെ സമ്പത്തിൽ റെക്കോഡ് വർധനയുണ്ടായത് 2021-ലാണ് (5.8 ശതമാനം).

മറ്റു കണ്ടെത്തലുകൾ

  • ഒരാഴ്ച നാലെന്ന കണക്കിൽ, 2024-ൽ 204 സഹസ്രകോടീശ്വരർ (ബില്യണയർ) പുതുതായി ലോകത്തുണ്ടായി. അതിൽ 41 പേർ ഏഷ്യയിൽ
  • 2024-ൽ ഏഷ്യയിലെ അതിസമ്പന്നരുടെ സമ്പത്തിൽ 29,900 കോടി ഡോളറിന്റെ വർധന
  • അതിസമ്പന്നരുടെ പക്കലുള്ള 60 ശതമാനം സമ്പത്തും പാരമ്പര്യമായോ കുത്തകയിലൂടെയോ ചങ്ങാത്തമുതലാളിത്തത്തിലൂടെയോ നേടിയത് (പാരമ്പര്യം-36%, കുത്തക-18%, ചങ്ങാത്തമുതലാളിത്തം-16%)
  • അതിസമ്പന്നരുടെ എണ്ണം 2024 (2769) 2023 (2565)
  • മൊത്തം സമ്പത്തിന്റെ 69 ശതമാനം വികസിതരാജ്യങ്ങളിൽ. ശതകോടീശ്വരരിൽ 68 ശതമാനവും ഈ രാജ്യങ്ങളിൽ

ഇന്ത്യയിൽനിന്ന് ബ്രിട്ടൻ കവർന്നതിൽ പാതി 10 ശതമാനത്തിന്റെ കൈയിൽ

ഇന്ത്യയെ കോളിനിയാക്കിവെച്ചിരുന്ന കാലത്ത് 1765-നും 1900-നുമിടയിൽ ബ്രിട്ടൻ ഇവിടന്ന് 64.82 ലക്ഷം കോടി ഡോളറിന്റെ സമ്പത്ത്‌ കവർന്നെന്ന് ഓക്സ്‌ഫാം. ഇതിന്റെ പാതി ബ്രിട്ടനിലെ അതിസമ്പന്നരിൽ 10 ശതമാനത്തിന്റെ കൈയിലെന്നും ഓക്സ്‌ഫാമിന്റെ റിപ്പോർട്ട് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.