സ്വന്തം ലേഖകൻ: എച്ച്-1ബി വീസയിൽ വിദേശികൾ എത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് കഴിവുള്ള ആളുകൾ വരുന്നതിൽ സന്തോഷമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഒറാക്കിൾ സിടിഒ ലാറി എലിസണും സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷിയുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. എഞ്ചിനീയർമാർ മാത്രമല്ല എല്ലാ മേഖലകളിലും ഉള്ളവർ രാജ്യത്തേക്ക് വരണം. എന്നാൽ യോഗ്യതകൾ ഇല്ലാത്തവരെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ടെസ്‌ല ഉടമയായ എലോൺ മസ്‌കിനെപ്പോലുള്ള ട്രംപിന്റെ അടുത്ത വിശ്വസ്തർ, യോഗ്യതയുള്ള ടെക് പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിനായി എച്ച്-1ബി വീസയെ പിന്തുണയ്ക്കുമ്പോൾ, മറ്റ് പലരും തദ്ദേശിയരുടെ തൊഴിലവസരം ഇല്ലാതാക്കുന്നു എന്ന് ആരോപിച്ച് അതിനെ എതിർക്കുന്നു. എച്ച്-1ബി വീസയുടെ ഇരു വാദഗതികളെയും അംഗീകരിക്കുന്നു വെന്നും കഴിവുള്ള ആളുകൾ നമ്മുടെ രാജ്യത്തേക്ക് വരാൻ അനുവദിക്കണം എന്നാണ് നിലപാടെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എച്ച്-1ബി വീസയിൽ ട്രംപ് സ്വീകരിക്കുന്ന നിലപാട് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഏറെ ആകാംഷയോടെ കാത്തിരുന്നത്. തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടല്‍, വീസ കാലതാമസം, പിരിച്ചുവിടൽ തുടങ്ങി വന്‍ പ്രതിസന്ധിമുന്നിൽ കണ്ടിരുന്നു. ട്രംപ് നിലപാട് മയപ്പെടുത്തിയതോടെ വലിയ ആശ്വാസമായിരിക്കുകയാണ് വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാർക്ക്. വിദ്യാർഥി വീസയിൽ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർ പിന്നീട് എച്ച്1 ബി വർക്ക് വീസയിലേക്കും അതുവഴി ഗ്രീൻ കാർഡിലേക്കും അവിടെനിന്ന് അമേരിക്കൻ പൗരത്വത്തിലേക്കും നീങ്ങാറാണ് പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല