സ്വന്തം ലേഖകൻ: പ്രവാസികൾക്കുൾപ്പെടെ അധ്യാപകരാകാൻ അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) പുതിയ കോഴ്സ് ആരംഭിച്ചു. ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയാൽ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് അധ്യാപകരാകാമെന്ന് അഡെക് അധികൃതർ അറിയിച്ചു.
കോഴ്സിന് അപേക്ഷിക്കുന്നവർക്ക് മികച്ച ആശയവിനിമയ ശേഷിയുണ്ടായിരിക്കണം. 25 വയസ്സാണ് കുറഞ്ഞ പ്രായപരിധി. അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. അപേക്ഷകരിൽനിന്ന് തെരഞ്ഞെടുക്കുന്ന 125 പേർക്കായിരിക്കും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിലെ ആദ്യബാച്ചിലേക്ക് പ്രവേശനം. ആദ്യബാച്ചിനെ അഡെക് സ്പോൺസർ ചെയ്യും.
അബുദാബി യൂണിവേഴ്സിറ്റി, അൽഐൻ യൂണിവേഴ്സിറ്റി, എമിറേറ്റ്സ് കോളേജ് ഫോർ അഡ്വാൻസ്ഡ് എജുക്കേഷൻ എന്നിവയുൾപ്പെടെ അബുദാബിയിലും അൽഐനിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഒരു വർഷത്തെ പരിശീലനപരിപാടി. കോഴ്സ് പൂർത്തിയാക്കുന്നവരെ അബുദാബിയിലുടനീളമുള്ള സ്കൂളുകളിൽ അധ്യാപകരായി നിയമിക്കും.
നൂതന സാങ്കേതിക വിദ്യകളിലൂടെ അറിവും കഴിവും വളർത്തി ആധുനിക അധ്യാപകരെ വാർത്തെടുക്കുകയാണ് പുതിയ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. മികവാർന്ന പഠനാന്തരീക്ഷം വളർത്തിയെടുക്കാൻ ക്ലാസ് റൂം മാനേജ്മെന്റ്, ലീഡർഷിപ്പ്, ആശയവിനിമയ ശേഷി എന്നിവയിലെല്ലാം കോഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കും. ആധുനിക അധ്യാപന രീതികൾക്ക് നൂതനസാങ്കേതിക വിദ്യകൾ എങ്ങിനെയെല്ലാം പ്രയോജനപ്പെടുത്താം എന്നതും പഠനവിഷയമാകും. താത്പര്യമുള്ളവർക്ക് apply.adek.ae വഴി അപേക്ഷ സമർപ്പിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല