1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2025

സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ സമ്പൂർണ നിർമിതബുദ്ധി (എ.ഐ.) അധിഷ്ഠിത ഭരണകൂടമാകാൻ ഡിജിറ്റൽ നയം 2025-27 പ്രഖ്യാപിച്ച് അബുദാബി. രണ്ടുവർഷത്തിനകം അബുദാബിയിലെ സർക്കാർ പ്രവർത്തനങ്ങൾ മുഴുവനായും നിർമിതബുദ്ധിയിലാക്കും. പുതിയ ഡിജിറ്റൽ നയത്തിലൂടെ ലോകത്തെ ആദ്യ എ.ഐ. അധിഷ്ഠിത സർക്കാർ ആകുന്നതിന് 1300 കോടി ദിർഹം (ഏകദേശം 30,649 കോടി രൂപ) നീക്കിവെച്ചു.

മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അബുദാബി ഗവൺമെന്റ് എനേബിൾമെന്റ് വകുപ്പായിരിക്കും നയം നടപ്പാക്കുക. ഇതുവഴി 5000-ത്തിലേറെ തൊഴിലവസരങ്ങളുണ്ടാകും. സർക്കാരിന്റെ പ്രക്രിയകളെല്ലാം ക്ലൗഡ് കംപ്യൂട്ടിങ് വഴി ഓട്ടോമേറ്റഡാക്കും. ഇത് അബുദാബി സമ്പദ്‌വ്യവസ്ഥയിലേക്ക് 2400 കോടി ദിർഹം (ഏകദേശം 56,579 കോടി രൂപ) വരുമാനമുണ്ടാക്കുകയും സ്വദേശിവത്കരണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് സർക്കാർ മീഡിയാ ഓഫീസ് അറിയിച്ചു.

ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുകയും എ.ഐ., ക്ലൗഡ് സാങ്കേതികവിദ്യകൾ സർക്കാർ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പൊതുസേവനം സുതാര്യമാകും. കൂടുതൽ സാമ്പത്തിക വളർച്ചയുണ്ടാകും. ഏകീകൃത ഡിജിറ്റൽ എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിങ് പ്ലാറ്റ്‌ഫോം (ഇ.ആർ.പി.) വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുകയും ഉത്പാദനക്ഷമത വർധിക്കുകയും ചെയ്യുമെന്ന് അബുദാബി ഗവൺമെന്റ് എനേബിൾമെന്റ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ അഹമ്മദ് ഹിഷാം അൽ കുതാബ് പറഞ്ഞു.

‘എ.ഐ. ഫോർ ഓൾ പ്രോഗ്രാം’ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പൗരൻമാർക്ക് എ.ഐ. ആപ്ലിക്കേഷനുകളിൽ പരിശീലനം നൽകും. സർക്കാർ സേവനങ്ങളിലുടനീളം 200-ലേറെ നൂതന എ.എ. സംവിധാനങ്ങൾ നടപ്പാക്കും. സൈബർ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും അഹമ്മദ് ഹിഷാം വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.