സ്വന്തം ലേഖകൻ: യു.എസ്. ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോക്ടര്‍ എസ്. ജയശങ്കര്‍. അനധികൃതമായി യു.എസില്‍ താമസിച്ചുവരുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരികെയെത്തിക്കുന്ന വിഷയത്തില്‍ ഇന്ത്യയ്ക്ക് എല്ലായ്പോഴും തുറന്ന സമീപനമാണുള്ളതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യം യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള ഔദ്യോഗികപരിപാടികള്ക്കായി യു.എസില്‍ എത്തിയ ജയശങ്കര്‍ വാഷിങ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുസംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് സംവാദങ്ങള്‍ നടക്കുന്നുണ്ടെന്നും വിഷയത്തില്‍ യു.എസിലെ ജനങ്ങള്‍ അസ്വസ്ഥരാണെന്നുള്ള കാര്യം മനസ്സിലാക്കുന്നതായും ജയശങ്കര്‍ പറഞ്ഞു. നിയമപരമായ കുടിയേറ്റത്തെ ഇന്ത്യ പിന്തുണയ്ക്കുന്നതായും ഇന്ത്യന്‍ ജനതയുടെ വൈദഗ്ധ്യത്തിനും മികവിനും ആഗോളതലത്തില്‍ അവസരങ്ങള്‍ ലഭിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അനധികൃതകുടിയേറ്റത്തെ ഇന്ത്യ എതിര്‍ക്കുന്നതായും അനധികൃതകുടിയേറ്റം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും അതിനാല്‍ത്തന്നെ അത്തരത്തിലുള്ള കുടിയേറ്റം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എസിലേക്കുള്ള വീസയ്ക്കായുള്ള കാലതാമസത്തെക്കുറിച്ച് മാര്‍കോ റുബിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജയശങ്കര്‍ ധരിപ്പിച്ചിരുന്നു. ഇത് ഇന്ത്യ-യു.എസ്. ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യവും റുബിയോയെ അറിയിച്ചിരുന്നു. 400 ദിവസം വരെ വീസയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് താന്‍ റുബിയോയെ അറിയിച്ചതായും വിഷയത്തിന്റെ ഗൗരവം റുബിയോയ്ക്ക് വ്യക്തമായിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല