സ്വന്തം ലേഖകൻ: ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ ഒരു വാലറ്റ് രൂപീകരിച്ച്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പടെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകളൊക്കെ അതിലാക്കുമ്പോള്‍, സ്മാര്‍ട്ട്‌ഫോണിന്റെ പ്രസക്തി പിന്നെയും വര്‍ദ്ധിക്കും.
അതിനു പുറമെയാണ് 2027 ഓടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകളുടെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങും എന്ന റിപ്പോര്‍ട്ട് വരുന്നത്. ഇതോടെ സ്മാര്‍ട്ട്‌ഫോണുകള്‍ അന്താരാഷ്ട്ര യാത്രകളിലും ഒരു പ്രധാന പങ്ക് വഹിക്കാന്‍ പോവുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ ഇറക്കുന്ന ഡിജിറ്റല്‍ വാലറ്റ് ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സും, പാസ്പോര്‍ട്ടും ഉള്‍പ്പടെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ ഒക്കെ സൂക്ഷിക്കാന്‍ കഴിയും.
ആദ്യം ഡിജിറ്റല്‍ പതിപ്പുകള്‍ രാജ്യത്തിനകത്തെ ആവശ്യങ്ങള്‍ക്കായി മാത്രമായിരിക്കും ഉപയോഗപ്പെടുത്തുക. പിന്നീട് ഭാവിയില്‍, കരാറുകളുടെ അടിസ്ഥാനത്തില്‍ വിദേശങ്ങളിലും രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ക്ക് അംഗീകാരം നേടും. പാസ്പോര്‍ട്ട് ഡിജിറ്റലൈസ് ചെയ്യുക എന്ന ആശയം ആദ്യം മുന്‍പോട്ട് വെച്ചത ഫിന്‍ലാന്‍ഡ് ആയിരുന്നു. ഫിന്നിഷ് പൗരന്മാര്‍ക്ക് അതുപ്രകാരം ഒരു പരീക്ഷണ പ്രൊജക്ടിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനും കഴിഞ്ഞു.
സര്‍ക്കാരിന്റെ ആപ്പ് പുറത്തിറക്കുന്ന വിവരം അറിയിച്ച ടെക്നോളജി സെക്രട്ടറി പീറ്റര്‍ കെയ്ല്‍ പറഞ്ഞത്, സേവനങ്ങള്‍, അത് ആവശ്യമുള്ളവരുടെ കൈവശം തന്നെ സൂക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആവശ്യക്കാരന് ആവശ്യമുള്ളപ്പോള്‍ തന്നെ സേവനം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. പാസ്‌പോര്‍ട്ട് ഡിജിറ്റലൈസ് ചെയ്യുന്നത് വിദേശ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് വലിയ പ്രയോജനം ചെയ്യും എന്നും അദ്ദെഹം പറഞ്ഞു.
പാസ്‌പോര്‍ട്ട് മറന്നു എന്ന പ്രശ്നം ഒഴിവാക്കാന്‍ കഴിയും എന്ന് പറഞ്ഞ കെയ്ല്‍ പക്ഷെ ഇത് ബ്രിട്ടന്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല എന്നും പറഞ്ഞു. ഏത് രാജ്യത്തേക്കാണോ യാത്ര, ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചായിരിക്കും ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിന്റെ സാധുത തീരുമാനിക്കുക. അതുകൊണ്ടു തന്നെ തങ്ങള്‍ അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ജൂണില്‍ വെറ്ററന്‍ കാര്‍ഡുമായിട്ടാകും ഡിജിറ്റല്‍ വാലറ്റ് പുറത്തിറങ്ങുക.
പിന്നീട് അതില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍ക്കൊള്ളിക്കും. 2027 ഓടെ ജനന സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ അങ്ങനെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ രേഖകളും അയാളുടെ വാലറ്റില്‍ ലഭ്യമാക്കും. ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ബില്‍റ്റ് ഇന്‍ ആയ ഫേസ് റെക്കഗ്‌നിഷന്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഈ വാലറ്റ് ഉപയോഗിക്കും. രേഖകള്‍ ഡിജിറ്റലൈസ് ആകുമ്പോഴും, പഴയ പ്ലാസ്റ്റിക്- കടലാസ് രേഖകള്‍ തന്നെ വേണമെന്നുള്ളവര്‍ക്ക് അത് നല്‍കുകയും ചെയ്യും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല