സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങിനെത്തിയ നടി വിഷ്ണുപ്രിയയുടെ ബാഗ് മോഷണം പോയി. ബാഗില്‍ മൂന്ന് ലക്ഷം രൂപ വിലമതിയ്ക്കുന്ന സാധനങ്ങള്‍ ഉണ്ടായിരുന്നതായി നടി പറഞ്ഞു. മൂന്നു പവന്റെ സ്വര്‍ണ്ണ വള, ഒരു നവരത്‌ന മോതിരം, ഒരു സ്വര്‍ണ്ണ മോതിരം, ഐഫോണ്‍, റാഡോ വാച്ച്, 200 ബഹ്‌റൈന്‍ ദിനാര്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.
എറണാകുളത്ത് മറ്റൊരു പരിപാടി കഴിഞ്ഞ് രാവിലെ അഞ്ചരയോടെയാണ് നടി ജയിന്‍ റോഡിലെ ഹോട്ടലിലെത്തിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന വിഷ്ണുപ്രിയ എട്ടരയോടെ ഉണര്‍ന്നപ്പോഴാണ് ബാഗ് മോഷണം പോയതായി മനസ്സിലാക്കിയത്. മുറി പൂട്ടിയിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. യാത്ര കഴിഞ്ഞെത്തിയ ക്ഷീണത്തില്‍ മോഷ്ടാവ് മുറിയില്‍ കയറിയത് ഇവര്‍ അറിഞ്ഞില്ല.
ഹോട്ടല്‍ റിസപ്ഷനിലെ സിസിടിവിയില്‍ വിഷ്ണുപ്രിയ സ്യൂട്ട്‌കേസും ചെറിയ ബാഗുമായി വരുന്ന ദൃശ്യമുണ്ട്. എന്നാല്‍ ക്യാമറയില്ലാത്ത ഹോട്ടലിന്റെ പിറകു ഭാഗത്തു കൂടിയാവും മോഷ്ടാവ് ഉള്ളില്‍ കയറിയിട്ടുണ്ടാവുകയെന്നാണ് പൊലീസ് കരുതുന്നത്. വിഷ്ണുപ്രിയ എത്തി മൂന്ന് മണിക്കൂറിനകം മോഷണം നടന്നിരിക്കാമെന്നും പൊലീസ് അനുമാനിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിലെ എല്ലാ മുറികളും പൊലീസ് പരിശോധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല