1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2011

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സനലിനും സമനിലയോടെ വീണ്ടും തിരിച്ചടിയേറ്റപ്പോള്‍ മിന്നുന്ന ജയത്തോടെ ചെല്‍സി കിരീടപ്പോരാട്ടത്തില്‍ തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഓള്‍ഡ് ട്രാഫഡില്‍ന്യൂകാസിലാണ് പിടിച്ചുകെട്ടിയത് (1-1). മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ 49 മിനിറ്റ് ഗോളില്‍ ചാമ്പ്യന്മാര്‍ ലീഡ് നേടിയിരുന്നു.

എന്നാല്‍ 64-ാം മിനിറ്റില്‍ ലഭിച്ച വിവാദ പെനാല്‍ട്ടി മുതലെടുത്ത് ഡെംബ ബാ ന്യൂകാസിലിന് സമനില നല്‍കുകയായിരുന്നു. ബെന്‍ ആര്‍ഫയെ യുണൈറ്റഡിന്റെ റിയോ ഫെര്‍ഡിനാന്‍റ് ഫൗള്‍ ചെയ്തതിനാണ് പെനാല്‍ട്ടി അനുവദിക്കപ്പെട്ടത്. ഒന്നാം റഫറി ജോണ്‍സ് കോര്‍ണര്‍ കിക്കിനാണ് വിരല്‍ചൂണ്ടിയതെങ്കിലും അസിസ്റ്റന്‍റ് റഫറിയാണ് പെനാല്‍ട്ടി വിധിച്ചത്. ജോനാസ് ഗുട്ടിറസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവസാന 12 മിനിറ്റ് പത്തുപേരുമായാണ് ന്യൂകാസില്‍ കളിച്ചത്. എന്നാല്‍ അവസരം മുതലെടുക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞില്ല.

ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വോള്‍വ്‌സിനെയാണ് തകര്‍ത്തത്. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും. ക്യാപ്റ്റന്‍ ജോണ്‍ ടെറി ഏഴാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു. ഡാനിയല്‍ സ്റ്ററിഡ്ജും (29), യുവാന്‍ മാട്ടയും (45) ഇടവേളയ്ക്ക് മുമ്പ് വീണ്ടും ലക്ഷ്യം കണ്ടതോടെ കളി ചെല്‍സിയുടെ വരുതിയിലായി. ലീഗില്‍ നാല് കളികളില്‍ മൂന്നിലും തോറ്റ ചെല്‍സി വമ്പന്‍ ജയത്തിലൂടെ തിരിച്ചുവരവിന്റെ സൂചന നല്‍കി. ചാമ്പ്യന്‍സ് ലീഗില്‍ ലെവര്‍ ക്യൂസനോടും തോറ്റത് കോച്ച് ആന്ദ്രെ വില്ലാസ്‌ബോസിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു.

ആഴ്‌സനലിന് സ്വന്തം ഗ്രൗണ്ടില്‍ ഫുള്‍ഹാമിനെതിരെ ജയം നേടാനായില്ല (1-1). ആതിഥേയരുടെ ബെല്‍ജിയം ഡിഫന്‍റര്‍ കൊമാസ് വെര്‍മലിനാണ് രണ്ട് ടീമുകള്‍ക്ക് വേണ്ടിയും ഗോളടിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 65-ാം മിനിറ്റില്‍ വെര്‍മലിന്‍ പന്തടിച്ച് അപകടം ഒഴിവാക്കാനുള്ള ശ്രമത്തിനിടെ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ആഴ്‌സനല്‍ ഒരു ഗോളിന് പിന്നിലായി. എന്നാല്‍ കളി തീരാന്‍ എട്ട് മിനിറ്റ് ബാക്കിനില്‍ക്കെ ടീമിന്റെ സമനിലഗോള്‍ കണ്ടെത്തി വില്ലനില്‍ നിന്ന് നായകപദവിയിലേക്ക് ഉയരാനും വെര്‍മലിന് കഴിഞ്ഞു. തിയോ വാല്‍ക്കോട്ടിന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെയാണ് ബെല്‍ജിയന്‍ താരം ലക്ഷ്യം കണ്ടത്.

മറ്റ് കളികളില്‍ എവര്‍ട്ടന്‍ ബോള്‍ട്ടനെയും (2-0) നോര്‍വിച്ച് ക്യൂന്‍സ്പാര്‍ക്ക് റേഞ്ചേഴ്‌സിനെയും (2-1) സ്റ്റോക്ക് ബ്ലാക്ക്‌ബേണിനെയും (3-1) ടോട്ടനം വെസ്റ്റ്‌ബ്രോമിനെയും (3-1) കീഴടക്കി. പട്ടികയില്‍ യുണൈറ്റഡ് 30 പോയന്‍റുമായി രണ്ടാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ 28 പോയന്‍റുമായി ടോട്ടനം മൂന്നാമതെത്തി. ന്യൂകാസില്‍ (26), ചെല്‍സി (25), ആഴ്‌സനല്‍ (23), ലിവര്‍പൂള്‍ (22) ടീമുകളാണ് പിന്നില്‍. മാഞ്ചസ്റ്റര്‍ സിറ്റിയാണ് 34 പോയന്‍റുമായി തലപ്പത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.