1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2025

സ്വന്തം ലേഖകൻ: ആഡംബര റസ്റ്ററന്റുകളുടെ നിലവാരമുയർത്താൻ ലക്ഷ്യമിട്ട് ഒരു ബ്രാൻഡിന് കീഴിൽ ഒന്നിലധികം ബ്രാഞ്ചുകൾ ഒരു നഗരത്തിൽ പാടില്ലെന്നതുൾപ്പെടെ കർശന വ്യവസ്ഥകൾ തയാറാക്കാനൊരുങ്ങി സൗദി നഗരസഭ മന്ത്രാലയം.

ആഡംബര ഭക്ഷണശാലകളുടെ ആവശ്യകതകളും മാനദണ്ഡങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ സർവേ നടത്താനുള്ള നിർദേശങ്ങൾ നഗരസഭ മന്ത്രാലയം ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ സംബന്ധിച്ച് ഏകീകൃത പ്ലാ​റ്റ്​ഫോം ആയ ഇസ്തിറ്റ്ല മുഖേന പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും തേടി. പൊതുജനങ്ങളുടെ കാഴ്ചപ്പാടുകൾ പരിഗണിച്ചുകൊണ്ടായിരിക്കും ഈ നിർദേശങ്ങൾ നടപ്പാക്കുക.

ഉപഭോക്താവ് ഡൈനിങ് ടേബിളിൽ ഇരിക്കുമ്പോൾ എങ്ങനെയാണ് മികച്ച സേവനം നൽകേണ്ടത് എന്ന കാര്യത്തിലുൾപ്പെടെ നിശ്ചിത മാനദണ്ഡങ്ങൾ ക്രമപ്പെടുത്തുന്നുണ്ട്. ഓർഡർ‌ എടുക്കുന്ന നിമിഷം മുതൽ കഴിക്കുന്ന ആഹാരത്തിന്റെ ബിൽതുക അടയ്ക്കുന്നതു വരെയുള്ള സേവനം സംബന്ധിച്ചുള്ള നിർദേശങ്ങളാണിവ.

പുതിയ നിർദേശങ്ങൾ

ആഡംബര റസ്റ്ററന്റുകൾക്ക് അതേ ബ്രാൻഡിന് കീഴിൽ നഗരത്തിൽ ഒന്നിലധികം ബ്രാഞ്ചുകൾ പാടില്ലെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.

സന്ദർശകന്റെ വസ്ത്രധാരണം സംബന്ധിച്ചും ചില ചട്ടങ്ങളുണ്ട്. വ്യവസ്ഥകൾക്കും തീരുമാനങ്ങൾക്കും എതിരല്ലാത്ത തരത്തിലാകണം വസ്ത്രധാരണം. റസ്റ്ററന്റുകളുടെ ബാഹ്യരൂപത്തിലെ പ്രഫഷണലിസം ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

എല്ലാവർക്കും കാണത്തക്ക വിധം പെയ്മെന്റ് ബോക്സ് വെയ്ക്കുന്നതും ടേബിളിൽ വെച്ചു തന്നെ ബിൽതുക അടയ്ക്കുന്നതുമെല്ലാം നിരോധിക്കും. തീൻമേശയിൽ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ പോകാതെ സന്ദർശകന് സേവനത്തിലും മേശയിലെത്തുന്ന വിഭവങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം.

ഡൈനിങ് ഏരിയയുടെ ഒരു ഭാഗത്ത് ശീതളപാനീയങ്ങൾ തയാറാക്കുന്നത് സന്ദർശകന് കാണത്തക്ക വിധത്തിലായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ആഡംബര റസ്റ്ററന്റുകൾ ഡ്രൈവ്–ത്രൂ സേവനം നൽകരുതെന്നും വ്യവസ്ഥയുണ്ട്. ഡ്രൈവ്–ത്രൂ സേവനത്തിലൂടെ സന്ദർശകന് മികച്ച അനുഭവം നൽകാൻ കഴിയില്ലെന്നാണ് പറയുന്നത്.

വാലറ്റ് പാർക്കിങ് സേവനങ്ങൾ നൽകുമ്പോൾ സന്ദർശകർ തിരികെ പോകാൻ ആഗ്രഹിക്കുന്ന സമയത്ത് തന്നെ വാഹനം നൽകണമെന്നും വ്യവസ്ഥയിൽ ഉൾപ്പെടുന്നു.

ഡിജിറ്റൽ റിസർവേഷൻ സംവിധാനം, പരാതി സമർപ്പിക്കാനുള്ള സൗകര്യം എന്നിവയും നിർദേശത്തിലുണ്ട്.

റസ്റ്ററന്റ് ജീവനക്കാർക്ക് ബ്രേക്ക് ടൈം ചെലവിടാൻ പ്രത്യേക ഏരിയ അനുവദിക്കണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങളാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.