1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2025

സ്വന്തം ലേഖകൻ: ജോലിസമയം സംബന്ധിച്ച് രാജ്യത്തെ പ്രമുഖ സംരംഭകര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ചൂടേറിയ ചര്‍ച്ചയായതിന് പിന്നാലെ വിഷയത്തില്‍ വിദഗ്ധ പഠനങ്ങളടക്കം ചൂണ്ടിക്കാട്ടി കേന്ദ്ര ബജറ്റിന് മുന്നോടിയായി പുറത്തിറങ്ങിയ സാമ്പത്തിക സര്‍വേ. ആഴ്ചയില്‍ 60 മണിക്കൂറിലധികം ജോലിചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങളുദ്ധരിച്ച് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

ജോലി സമയം സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്.എന്‍ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് രാജ്യത്ത് വ്യാപക ചര്‍ച്ചയ്ക്കിടയാക്കിയത്. ഞായറാഴ്ചയിലടക്കം വീട്ടിലിരിക്കുന്നതിന് പകരം ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലിചെയ്യണമെന്നാണ് ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടത്.

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിചെയ്യണമെന്നായിരുന്നു ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ നിലപാട്. കൂടുതല്‍ സമയം വീട്ടില്‍തന്നെ ചെലവഴിച്ചാല്‍ ഭാര്യ ഓടിപ്പോകുമെന്ന തരത്തില്‍ ഈ വിഷയത്തില്‍ ഗൗതം അദാനി നടത്തിയ പ്രതികരണവും വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോലി സമയം സംബന്ധിച്ച സാമ്പത്തിക സര്‍വേയിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാകുന്നത്.

സാമ്പത്തിക സര്‍വേ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനെത്തിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനും സംഘവും. Photo- ANI
സുദീര്‍ഘമായി ജോലിചെയ്യുന്നത് ഒരു വ്യക്തിയുടെ മാനസിക സൗഖ്യത്തെതന്നെ ബാധിക്കുമെന്നാണ് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടുചെയ്തു.

ഒരു വ്യക്തിയ്ക്ക് 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ടിവരുന്നത് കടുത്ത മാനസിക വിഷമത്തിലേക്ക് നയിക്കുകയോ മാനസിക സൗഖ്യം അപകടകരമായ നിലയിലേക്ക് എത്തപ്പെടുകയോ ചെയ്യാം. ജോലി സ്ഥലത്ത് ചെലവഴിക്കുന്ന സമയം ഉത്പാദനക്ഷമതയുടെ അളവുകോലായി കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ 55- 60 മണിക്കൂറിലധികം ജോലിചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തിയ പഠനം ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക സര്‍വേ ഇക്കാര്യം സമര്‍ഥിക്കുന്നത്. ജോലിസമയം മാത്രമല്ല മറ്റുഘടകങ്ങളും ഉത്പാദനക്ഷമതയെ ബാധിക്കുന്നുണ്ടെന്ന് സര്‍വേ പറയുന്നു. ജീവനക്കാരും മേലധികാരികളും തമ്മില്‍ നല്ലബന്ധം നിലനില്‍ക്കാത്ത സാഹചര്യം ഒരു മാസത്തില്‍ അഞ്ച് ദിവസം ചെയ്യേണ്ട ജോലിയുടെ കാര്യക്ഷമത നഷ്ടപ്പെടുത്തുന്നു.

ജോലിസ്ഥലത്തെ അന്തരീക്ഷം അടക്കമുള്ളവ ഉത്പാദനക്ഷമതയേയും മാനസികാരോഗ്യത്തേയും ബാധിക്കുന്ന പ്രധാന ഘടകമാണെന്നും സര്‍വേ പറയുന്നു. വിഷാദവും ഉത്കണ്ഠയും അടക്കമുള്ള പ്രശ്നങ്ങള്‍ ആഗോള തലത്തില്‍തന്നെ നിരവധി തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വേ പറയുന്നു.

വിഷാദം, ഉത്കണ്ഠ തുടങ്ങിയവ കാരണം ആഗോളതലത്തില്‍ 1200 കോടി തൊഴില്‍ദിനങ്ങള്‍ വര്‍ഷം തോറും നഷ്ടപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ സര്‍വേ പറയുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.