സ്വന്തം ലേഖകൻ: ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. അർദ്ധ സ്വയംഭരണാധികാരമുള്ള ദ്വീപിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ വിവരങ്ങൾ ട്രംപിന്റെ നീക്കത്തിനോട് ജനങ്ങൾക്കുള്ള എതിർപ്പ് തെളിയിക്കുന്നതാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഭാഗമാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നതാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡാനിഷ് ദിനപത്രമായ ബെർലിങ്സ്കെയും ഗ്രീൻലാൻഡിലെ ദിനപത്രമായ സെർമിറ്റ്സിയാഖും ചേർന്നാണ് സർവേ നടത്തിയത്. 85% ഗ്രീൻലാൻഡുകാരും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നു. 6% ഗ്രീൻലാൻഡുകാർ മാത്രമാണ് തങ്ങളുടെ ദ്വീപ് യുഎസിൻ്റെ ഭാഗമാകുന്നതിനെ അനുകൂലിക്കുന്നത്. 9% പേർ തീരുമാനമെടുത്തിട്ടില്ലെന്നും സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താൽപ്പര്യത്തെ പകുതിയോളം ജനങ്ങളും ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 8% പേർ മാത്രമാണ് തങ്ങളുടെ ഡാനിഷ് പൗരത്വം അമേരിക്കയിലേക്ക് മാറ്റാൻ തയ്യാറാണെന്ന് പറഞ്ഞത്. 55% പേർ ഡാനിഷ് പൗരന്മാരായി തുടരാനാണ് ആഗ്രഹിക്കുന്നത്. 37% പേർ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മെക്സികോയേക്കാൾ വലിയ ഭൂപ്രദേശമാസ ഗ്രീൻലാൻഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്. 57,000 മാത്രമാണ് ജനസംഖ്യ. 2009ലാണ് ദ്വീപിന് സ്വയംഭരണാവകാശം ലഭിച്ചത്. ഡെന്മാർക്കിൽ നിന്ന് ഒരു റഫറണ്ടത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അവകാശവും പ്രദേശത്തിനുണ്ട്. നേരത്തെ മുതലേ ട്രംപിന് ഗ്രീൻലാൻഡിനെ യുഎസിനോട് ചേർക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അതേസമയം, സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങൾ ശക്തമാക്കിയ ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ, ദ്വീപ് വിൽപ്പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ആവർത്തിച്ച് പറയുന്നു.
അന്താരാഷ്ട്ര അതിർത്തികളോടുള്ള ബഹുമാനം നിലനിർത്തുക എന്ന തത്വത്തിന് പൂർണ പിന്തുണ നൽകിയതായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ ചൊവ്വാഴ്ച പറഞ്ഞു. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, നാറ്റോ ചീഫ് സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമായിരുന്നു പ്രതികരണം. ഗ്രീൻലാൻഡ് ഡെൻമാർക്കുമായി അടുത്ത സഹകരണം തുടരാൻ ആഗ്രഹിക്കുന്നതിന്റെ തെളിവാണ് സർവേയെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎസിൻ്റെ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് സുപ്രധാനമാണെന്നും തന്ത്രപ്രധാനമായ ദ്വീപിൻ്റെ നിയന്ത്രണം ഡെന്മാർക്ക് ഉപേക്ഷിക്കണമെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കമാണിതെന്നുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. നാറ്റോ രാജ്യമായ ഫ്രാൻസ് ഉൾപ്പെടെ ഈ നീക്കത്തെ എതിർത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല