വെയ്ല്‍സ് ദേശീയ ഫുട്ബാള്‍ ടീം പരിശീലകനും മുന്‍ താരവുമായ ഗാരി സ്പീഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. 42കാരനായ സ്പീഡിനെ ചെസ്റ്ററിലെ വസതിയില്‍ ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.ഭാര്യയും രണ്ടു പുത്രന്മാരുമുണ്ട്. 14 വര്‍ഷം വെയ്ല്സിന്െറ ദേശീയ ജഴ്സിയില്‍ നിറഞ്ഞുനിന്ന ഈ മിഡ്ഫീല്‍ഡര്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഏറെക്കാലം ലീഡ്സ് യുനൈറ്റഡ്, എവര്ട്ടന്, ന്യൂകാസില്‍ യുനൈറ്റഡ്, ബോള്‍ട്ടണ്‍ വാണ്ടറേഴ്സ് ക്ളബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്്.
2004ല്‍ രാജ്യാന്തര ഫുട്ബാളില്‍നിന്ന് വിരമിക്കുന്നതുവരെ 44 മത്സരങ്ങളില്‍ വെയ്ല്സിന്െറ ക്യാപ്റ്റനായിരുന്നു. 1990നും 2004നുമിടക്ക് 85 മത്സരങ്ങളില്‍ രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങി. വെയ്ല്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ഒൗട്ട്ഫീല്ഡ് താരമാണ്. പ്രീമിയര്‍ ലീഗില്‍ 500 മത്സരം തികച്ച ആദ്യ കളിക്കാരനായും പേരെടുത്തു.
സ്പീഡിന്െറ മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ളെന്ന് പൊലീസ് വ്യക്തമാക്കി.
മരണം സ്ഥിരീകരിച്ച വെയ്ല്‍സ് ഫുട്ബാള്‍ അസോസിയേഷന്, സ്പീഡിന്െറ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഈ അവസരത്തില്‍ കുടുംബത്തിന്‍െറ സ്വകാര്യതയെ മാനിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
‘രാവിലെ 7.08ന് ചെസ്റ്ററിലെ ഹന്റിങ്ടണില് ഒരാള്‍ ആത്മഹത്യ ചെയ്തതായി ഞങ്ങള്‍ക്ക് അറിയിപ്പു വന്നു. പൊലീസ് ഓഫിസര്‍മാര്‍ അവിടെ എത്തിയപ്പോള്‍ ഒരു 42കാരന് മരിച്ചുകിടക്കുന്നതാണ് കണ്ടത്. അത് ഗാരി സ്പീഡാണെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. മരണത്തില്‍ സംശയിക്കത്തക്കതായ സാഹചര്യങ്ങളൊന്നുമില്ല.’- ചെഷയര്‍ പൊലീസ് വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല