സ്വന്തം ലേഖകൻ: ധനമന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര സർക്കാർ ബജറ്റ് പ്രവാസികളെ നിരാശപ്പെടുത്തി. തിരിച്ചുവരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ്, പ്രവാസി പെൻഷൻ, വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ സബ്സിഡി, വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ വിഹിതം തുടങ്ങി പ്രവാസികളുടെ സ്ഥിരം ആവശ്യങ്ങളോട് ഇത്തവണയും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ മുഖംതിരിച്ചു.
മധ്യവർഗക്കാർക്ക് സന്തോഷം പകരുന്ന നികുതി നിർദേശത്തിലും പ്രവാസികൾക്ക് സന്തോഷിക്കാൻ വകയില്ല. ആദായനികുതി പരിധി വർധിപ്പിച്ചത് പ്രവാസികൾക്ക് നേട്ടമാവില്ല. 12 ലക്ഷം വരെ വരുമാനത്തിന് ആദായ നികുതിയില്ല എന്ന നിർദേശം ഗുണം ചെയ്യുക നാട്ടിലെ ശമ്പളക്കാർക്കാണ്.
യഥാർഥത്തിൽ നാലുമുതൽ എട്ടുലക്ഷം വരെ വരുമാനമുള്ളവർക്ക് അഞ്ചു ശതമാനവും എട്ടുമുതൽ 12 ലക്ഷം വരെ വരുമാനത്തിന് പത്തുശതമാനവും ആദായനികുതിയുണ്ട്. 12 ലക്ഷം വരെയുള്ളവർക്ക് റിബേറ്റ് നൽകിയാണ് നികുതിയിൽനിന്ന് ഒഴിവാക്കുന്നത്. ഈ റിബേറ്റ് പക്ഷേ മൂലധന നേട്ടത്തിൽനിന്നുള്ള വരുമാനത്തിന് ലഭിക്കില്ല.
വസ്തു വിൽപനയിലൂടെയോ ഓഹരി ഇടപാടിലൂടെയോ ലഭിക്കുന്ന വരുമാനം മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. പ്രവാസികൾ ഇത്തരം ഇടപാടിലൂടെ നാലു ലക്ഷത്തിൽ കൂടുതൽ ലാഭമുണ്ടാക്കിയാൽ നികുതി നൽകണം. കഴിഞ്ഞ വർഷത്തെ ബജറ്റിൽ കേന്ദ്ര സര്‍ക്കാര്‍ ടാക്സ് ഇന്‍ഡെക്സേഷന്‍ ബെനിഫിറ്റ് അവസാനിപ്പിച്ചതോടെ നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ സര്‍ക്കാറിലേക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരുന്നു.
2024 ജൂലൈ 23ന് മുമ്പ് സമ്പാദിച്ച സ്വത്തുക്കള്‍ക്ക് ഇന്‍ഡെക്സേഷനോടുകൂടിയ 20 ശതമാനം നികുതിയോ ഇന്‍ഡെക്സേഷന്‍ കൂടാതെ 12.5 ശതമാനം നികുതിയോ തിരഞ്ഞെടുക്കാന്‍ നികുതിദായകരെ അനുവദിക്കുന്നെങ്കിലും ഈ ആനുകൂല്യം പ്രവാസികൾക്ക് ലഭിക്കുന്നില്ല. ഇന്ത്യൻ പൗരൻ എന്നതിന് പകരം സ്ഥിര താമസക്കാർ എന്ന വാക്ക് ഉപയോഗിച്ചതിലൂടെയാണ് പ്രവാസികൾ ആനുകൂല്യത്തിന്റെ പരിധിക്ക് പുറത്തായത്.
ഈ വിഷയത്തിൽ നാട്ടിലുള്ളവർക്ക് നൽകുന്ന അതേ പരിഗണന പ്രവാസികൾക്കും നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെങ്കിലും വർഷങ്ങളായി ബജറ്റിൽ അവഗണന നേരിടുന്ന വിഭാഗമാണ് പ്രവാസികൾ.
പ്രവാസി ക്ഷേമത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളമടക്കം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. 300 കോടിയുടെ പാക്കേജ് വേണമെന്നാണ് കേരള ധനമന്ത്രി ആവശ്യപ്പെട്ടത്. ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന കേരള ബജറ്റിലെങ്കിലും പ്രവാസികൾക്ക് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് മലയാളികളായ പ്രവാസികളുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല