സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി വ്യാപാര യുദ്ധം ആരംഭിച്ചതിന് ദിവസങ്ങള്‍ക്കകം തിരിച്ചടിച്ച് ചൈന. നിരവധി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന എതിര്‍ തീരുവ ചുമത്തി. യുഎസ് കല്‍ക്കരി, എല്‍എന്‍ജി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നും അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍, വലിയ ഡിസ്പ്ലേസ്മെന്റ് കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗൂഗിളിനെതിരെ അന്വേഷണത്തിനും ചൈന ഉത്തരവിട്ടിരുന്നു.
കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവുമാണ് നികുതി ചുമത്തിയിരിക്കുന്നത്. എന്നാല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനമാണ് നികുതി ചുമത്തുക. ഇതില്‍ കാനഡയുടെ തീരുവയില്‍ ഒരു മാസത്തെ താത്കാലിക സ്റ്റേ ട്രംപ് അനുവദിച്ചിരുന്നു.
കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളില്‍ വന്‍ താരിഫ് ചുമത്തിയതിനു പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും ട്രംപ് ലക്ഷ്യമിടുന്നത്. ട്രംപ് താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയതോടെ ആഗോള വ്യാപാര യുദ്ധത്തിന് സാധ്യത ഏറുകയാണ്. യുഎസിനെതിരെ തിരിച്ചടിക്കാന്‍ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല