1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2025

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം പുറപ്പെട്ടെതായി റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ ഈ വിമാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 18000 അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാർ അമേരിക്കയിൽ ഉണ്ടെന്ന് അമേരിക്കൻ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. ബ്രസീൽ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തിയിരുന്നു.

ഇന്ത്യൻ അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കാനിരിക്കേയാണ് അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നത്. അമേരിക്കൻ സരക്കാരിന്റെ നാടുകടത്തൽ നടപടിയെ വിദേശകാര്യ മന്ത്രാലയം നേരത്തെ സ്വാഗതം ചെയ്തിരുന്നു.

ഇതിനോടകം നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തേക്കുറിച്ച് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെടുമ്പോൾ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തും എന്ന് ട്രംപ് തൻ്റെ പ്രചാരണ വേളയിൽ പറഞ്ഞിരുന്നു.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് ഗുരുദ്വാരകളിലടക്കം പോലീസ് പരിശോധന നടത്തിയിരുന്നു. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 538 അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സൈനിക ബേസുകളിൽ ആളുകളെ എത്തിച്ച ശേഷം സൈനിക വിമാനങ്ങളിൽ തിരികെ അയയ്ക്കുന്നതായാണ് റിപ്പോർട്ട്. അമേരിക്കയില്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് നല്കുന്ന കണക്ക് അനുസരിച്ച് ആയിരത്തിലധികം അനധികൃത കുടിയേറ്റക്കാർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.