സ്വന്തം ലേഖകൻ: ഉപയോക്തൃ സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ച മെട്രാഷ് ആപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കനുസൃതമായി ആഭ്യന്തര മന്ത്രാലയം പുതിയ മെട്രാഷ് ആപ്പ് വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജാസിം അൽ ബുഹാഷിം അൽ സെയ്ദ് പറഞ്ഞു.
ഉപയോക്താക്കളുടെ വിവരങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള ആക്‌സസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സൗകര്യമാണ് പരിഷ്ക്കരിച്ച ആപ്പിന്റെ സവിശേഷതയെന്ന് അൽ സെയ്ദ് ഖത്തർ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഡോക്യുമെന്റ് ഡെലിവറി ആവശ്യങ്ങൾക്കായുള്ള അഡ്രസ് മാനേജ്‌മെന്റ്, വിവിധ സേവന കേന്ദ്രങ്ങളുടെ ലൊക്കേഷനുകൾ, വീസ ഇഷ്യുവിനായി പാസ്‌പോർട്ട് സ്കാനിങ് എന്നിവയും പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു.
സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യാനും റീപ്രിന്റ് ചെയ്യാനും ഷെയർ ചെയ്യാനും എല്ലാ സുരക്ഷാ സേവനങ്ങളും എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും പുതിയ ഐക്കണുകൾ കൂട്ടിച്ചേർത്തതായും അൽ സെയ്ദ് പറഞ്ഞു. ജിസിസി പൗരന്മാർക്ക് ഖത്തർ ഐഡി പുതുക്കുന്നതിനും നഷ്‌ടപ്പെട്ടതോ കേടായതോ ആയവ മാറ്റുന്നതിനും പരിഷ്കരിച്ച മെട്രാഷ് ആപ്പിൽ സൗകര്യമുണ്ട്.
ആപ്പിൾ സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ ഉപയോഗിച്ച് പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല