1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2025

സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ്. സൈനിക വിമാനം സി-17 പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ടെക്‌സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. പഞ്ചാബില്‍ നിന്നുള്ള ആളുകളാണ് ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആവശ്യമായി പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വിമാനത്താവളത്തില്‍ നിന്ന് പോകാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ സൈനിക വിമാനമായ സി-17 യിലാണ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ അയച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്‌സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം.

അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്. ഇതില്‍ നാലു വിമാനങ്ങള്‍ ഗ്വാട്ടിമാലയില്‍ ഇറങ്ങി. കോളംബിയയിലെത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് അവരുടെ വിമാനം അയച്ചാണ് കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.