സ്വന്തം ലേഖകൻ: ക്രിമിനലുകളുള്‍പ്പെടെ യു.എസ്. നാടുകടത്തുന്ന ആരെയും മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ സ്വീകരിക്കും. ”ലോകത്തൊരിടത്തും മുന്‍പ് കേട്ടിട്ടില്ലാത്ത അസാധാരണമായ കുടിയേറ്റ ഉടമ്പടിക്ക്” എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കലെ സമ്മതിച്ചതായി യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.
യു.എസിലെ ക്രിമിനലുകളെ പാര്‍പ്പിക്കാനായി എല്‍ സാല്‍വദോറില്‍ ഒരുവര്‍ഷം മുന്‍പുണ്ടാക്കിയ ജയിലില്‍ ഇടംനല്‍കാമെന്ന് ബുക്കലെ പറഞ്ഞു. ഇതിന് എല്‍ സാല്‍വദോര്‍ പണം വാങ്ങും. യു.എസ്. നാടുകടത്തുന്ന വിദേശപൗരരെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും എല്‍ സാല്‍വദോര്‍ സന്ദര്‍ശിച്ച റൂബിയോയെ ബുക്കലെ അറിയിച്ചു.
ആധുനികകാലത്ത് ഒരു രാജ്യവും സ്വന്തം പൗരരെ വിദേശരാജ്യത്തിന്റെ ജയിലില്‍ തടവിലിട്ടിട്ടില്ലാത്തതിനാല്‍, ഇതിനുള്ള ട്രംപിന്റെ ശ്രമം കോടതി കയറാനാണ് സാധ്യത.
യു.എസിലെ മാസച്യുസെറ്റ്‌സ് സംസ്ഥാനത്തെക്കാള്‍ ചെറുതാണ് എല്‍ സാല്‍വദോര്‍. 21,041 ചതുരശ്രകിലോമീറ്ററാണ് വിസ്തൃതി. 65 ലക്ഷമാണ് ജനസംഖ്യ. കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള എല്‍ സാല്‍വദോറില്‍ ഒരുവര്‍ഷംമുന്‍പ് ‘ടെററിസം കണ്‍ഫൈന്‍മെന്റ് സെന്റര്‍’ എന്നപേരില്‍ 40,000 പേരെ പാര്‍പ്പിക്കാവുന്ന ജയില്‍ തുറന്നിരുന്നു. ഇവിടെയിപ്പോള്‍ 15,000-ത്തോളം പേരേയുള്ളൂ.
വീഡിയോ ലിങ്ക് വഴി കോടതിയില്‍ ഹാജരാകാനും ദിവസം അരമണിക്കൂര്‍ വ്യായാമത്തിനും മാത്രമേ തടവുകാരെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. എല്‍ സാല്‍വദോറില്‍നിന്നുള്ള 2.32 ലക്ഷം അനധികൃതകുടിയേറ്റക്കാര്‍ യു.എസിലുണ്ട്. നാടുകടത്തലില്‍നിന്ന് ബൈഡന്‍സര്‍ക്കാര്‍ ഇവര്‍ക്ക് സംരക്ഷണമേകിയിരുന്നു. ഇത് ട്രംപ് നീക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല