സ്വന്തം ലേഖകൻ: കശ്മീര്‍ അടക്കം ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മുസഫറാബാദില്‍ പാക് അധിനിവേശ കശ്മീര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്.
‘കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. 2019 ഓഗസ്റ്റ് അഞ്ചിന് എടുത്ത തീരുമാനം ഇന്ത്യ മാറ്റണം. യു.എന്നിന് നല്‍കിയ ഉറപ്പുകള്‍ പാലിച്ച് ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യണമെന്നും ഷെരീഫ് പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ തീരുമാനത്തെയാണ് പാക് പ്രധാനമന്ത്രി 2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ജമ്മു കശ്മീരും ലഡാക്കും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്ന നിലപാട് ഇന്ത്യ പാകിസ്താനോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യ-പാകിസ്താന്‍ ഉഭയകക്ഷി ബന്ധത്തില്‍ വീണ്ടും വിള്ളലുണ്ടായി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി 1999-ല്‍ പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവെച്ച ലാഹോര്‍ പ്രഖ്യാപനത്തില്‍ പറയുന്നത് അനുസരിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ഏക മാര്‍ഗമെന്നും ഷെഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു.ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ചയിലൂടേ സാധിക്കൂ.
ഭീകരവാദ പ്രവര്‍ത്തനങ്ങളും ശത്രുതയും അക്രമവും ഇല്ലാത്ത സാഹചര്യത്തിലുള്ള സാധാരണ നിലയിലുള്ള അയല്‍രാജ്യ ബന്ധമാണ് പാകിസ്താനുമായി ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ മുമ്പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, ഇന്ത്യ ആയുധങ്ങള്‍ ശേഖരിക്കുകയാണെന്ന് ആരോപിച്ച പാക് പ്രധാനമന്ത്രി ഷെരീഫ് ഇത് മേഖലയില്‍ സമാധാനം സൃഷ്ടിക്കില്ലെന്നും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല