1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2025

സ്വന്തം ലേഖകൻ: ഒമാനിൽ വർക്ക് പെർമിറ്റ് (വീസ) കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ കരാർ പുതുക്കാൻ സൗകര്യമൊരുക്കി തൊഴിൽ മന്ത്രാലയം. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴയില്ലാതെ തൊഴിൽ കരാർ റദ്ദാക്കി രാജ്യം വിടുന്നതിനും സൗകര്യമുണ്ട്. മുൻകാലങ്ങളിൽ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് മാതൃകയിലാണ് പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനം മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്.

പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തിൽ ജോലി ചെയ്യാനും പിഴയില്ലാതെ കരാർ റദ്ദാക്കി മടങ്ങാനും ആഗ്രഹിക്കുന്നവർക്കും അവസരം തുറക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് അൽ ബുഅവിൻ പറഞ്ഞു. ജൂലൈ 31 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകൾ ഒഴിവാക്കി നൽകും. കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്.

രാജ്യത്ത് തുടരാൻ ഉദ്ദേശിക്കുന്നവർക്ക് വർക്ക് പെർമിറ്റ് പുതുക്കി വീണ്ടും രണ്ട് വർഷത്തേക്ക് ഒമാനിൽ തൊഴിലെടുക്കാനാകും. എന്നാൽ, തൊഴിലുടമ തൊഴിലാളിയുടെ പെർമിറ്റ് പുതുക്കി നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരുടെ സേവനങ്ങൾ അവസാനിപ്പിക്കാനും യാത്രാ ടിക്കറ്റ് നൽകാനും സൗകര്യമുണ്ട്. നിലവിലുള്ള എല്ലാ പിഴകളും ഫീസുകളും അധിക ബാധ്യതകളും റദ്ദാക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.

തൊഴിൽ മന്ത്രാലയം വെബ്സൈറ്റ് വഴിയും വിവിധ സേവന വിതരണ ഔട്ട്‌ലെറ്റുകൾ വഴിയും ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഏഴ് വർഷം മുൻപ് ലേബർ കാർഡുകൾ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശികകളും റദ്ദാക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. 2017 ലും അതിനു മുൻപ് റജിസ്റ്റർ ചെയ്ത കുടിശികകൾ അടക്കുന്നതിൽ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയിട്ടുണ്ട്.

10 വർഷമായി പ്രവർത്തനരഹിതമായിരുന്ന ലേബർ കാർഡുകൾ റദ്ദാക്കിയതാണ് മറ്റൊരു നടപടി. ഈ കാലയളവിൽ കാർഡ് ഉടമകൾ അനുബന്ധ സേവനങ്ങൾക്ക് അപേക്ഷിക്കാത്തതിനാലാണ് റദ്ദാക്കിയിരിക്കുന്നത്. തൊഴിലാളി ഇവിടെ നിന്നും പോകൽ, സേവന കൈമാറ്റം, ഒളിച്ചോടിയ തൊഴിലാളിയായി റജിസ്റ്റർ ചെയ്യൽ എന്നിവകൊണ്ടായിരുന്നു പുതുക്കാത്തതെങ്കിൽ കാർഡുകൾ വീണ്ടും ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങൾ മറ്റ് കക്ഷികൾക്ക് കൈമാറുകയോ ചെയ്താൽ, അവർക്കെതിരായ സാമ്പത്തിക ബാധ്യതകൾ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.