സ്വന്തം ലേഖകൻ: കൊച്ചി-യുകെ ഡയറക്ട് വിമാന സർവീസുകൾ നിർത്തലാക്കുന്നത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒഐസിസി (യുകെ)യും യുഡിഎഫ് എംപിമാരും നടത്തിയ ഇടപെടലുകൾ ഫലം കണ്ടു. കൊച്ചി-യുകെ ഡയറക്ട് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ എയർ ഇന്ത്യ തുടങ്ങി.
വിമാന സർവീസുകൾ തടസ്സങ്ങളില്ലാതെ നടത്തുന്നതിനും കാലക്രമേണ കൂടുതൽ സർവീസുകൾ ഈ റൂട്ടിൽ ലഭ്യമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ സിയാൽ എംഡി എസ്. സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ് തലവൻ ക്യാമ്പ്ബെൽ വിൽസണുമായി ചർച്ച ചെയ്തു. ചില സാങ്കേതിക അനുമതികൾക്ക് ശേഷം സർവീസുകൾ തുടരുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
യുകെ മലയാളികളുടെ ഉൾപ്പടെ വിവിധ സമൂഹങ്ങളിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതിനെ തുടർന്നാണ് സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. കൊച്ചിയിൽ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സർവീസ് മാർച്ച് 30 ന് ശേഷം ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നതിനെ തുടർന്ന് വ്യാപകപായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എയർ ഇന്ത്യ അധികൃതരുമായി സിയാൽ ചർച്ച നടത്തിയത്.
കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി – ലണ്ടൻ സർവീസ് മാർച്ച് അവസാനത്തോടെ അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിനെ തുടർന്ന് ബദൽ മാർഗങ്ങൾ അന്വേഷിക്കുവാൻ വിവിധ കോണുകളിൽ നിന്നും സമ്മർദ്ദം ഉയർന്നിരുന്നു. ബ്രിട്ടിഷ് എയർവേയ്സ് ഉൾപ്പടെയുള്ള കമ്പനികളുമായി ചർച്ച നടത്തി പുതിയ സർവീസുകൾ ആരംഭിക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു.
ഇത്തരം ചർച്ചകൾക്കുള്ളനീക്കങ്ങൾ കൊച്ചി – ലണ്ടൻ സർവീസ് ഇല്ലാതാകുമെന്ന റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ ഉയർന്നിരുന്നുവെങ്കിലും യുകെയിലെ വിവിധ മലയാളി സംഘടനകളുടെയും കേരളത്തിലെ വിവിധ ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടൽ മൂലം എയർ ഇന്ത്യയുമായി സംസാരിക്കാൻ സിയാൽ അധികൃതരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തുകയായിരുന്നു.
ഇതേ തുടർന്നാണ് ഗുർഗാവിലെ ആസ്ഥാനത്ത് എയർ ഇന്ത്യ അധികൃതരുമായി സിയാൽ അധികൃതർ ചർച്ച നടത്തിയത്. ചർച്ചയിൽ സർവീസ് മുടങ്ങാതിരിക്കാൻ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയായതിനെ തുടർന്ന് സാങ്കേതിക അനുമതിയ്ക്ക് ശേഷം മാസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കാനാകുമെന്ന് സിയാൽ അധികൃതർ പറഞ്ഞു.
വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്ന് എയർ ഇന്ത്യ അറിയിച്ചുവെന്നും എയർ ഇന്ത്യയുടെ സർവീസ് നടത്തിയിരുന്ന ബോയിങ് ഡ്രീം ലൈനര്‍ വിമാനത്തിന് വാര്‍ഷിക അറ്റകുറ്റപ്പണി മൂലമാണ് സര്‍വീസ് തുടരുന്നില്ലെന്ന വിശദീകരണം ഉണ്ടായതെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞതായി സിയാൽ അധികൃതർ വിശദീകരിച്ചു. സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പാക്കേജ് നിർദേശങ്ങൾ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐഎഎസ് എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജിക്ക് നൽകി. സിയാൽ എയർപോർട്ട് ഡയറക്ടർ ജി മനു ചർച്ചയിൽ പങ്കെടുത്തു.
മാർച്ചിന് ശേഷമുള്ള സമ്മര്‍ ഷെഡ്യൂളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യുകെ മലയാളികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് കൊച്ചിയിൽ നിന്നും ലണ്ടനിലെ ഗാട്വിക്ക് എയർപോർട്ടിലേക്കുള്ള എയർഇന്ത്യ സർവീസ് നിർത്തലാക്കുന്നുവെന്ന വിവരം അനൗദ്യോഗികമായി പുറത്തുവന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള സർവീസ്. എക്കോണമി ക്ലാസില്‍ 238 സീറ്റുകളും ബിസിനസ് ക്ലാസില്‍ 18 സീറ്റുകളുമാണ് സർവീസിൽ ഉണ്ടായിരുന്നത്. എക്കോണമി ക്ലാസില്‍ എല്ലാ സര്‍വീസിലും നിറയെ യാത്രക്കാരുണ്ടാകും. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്ന് യുകെയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്.
തുടക്കത്തിൽ ആഴ്ചയിൽ ഒരെണ്ണമായിരുന്നു സർവീസ്. എന്നാൽ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സർവീസ് ആഴ്ചയിൽ രണ്ടായും പിന്നീട് മൂന്നായും ഉയർത്തുകയായിരുന്നു. കുട്ടികളും ജോലി ചെയ്യുന്നവരും കുടുംബസമേതം താമസിക്കുന്നവരുമായി ഒട്ടേറെ മലയാളികളാണ് ലണ്ടനിൽ നിന്നും ഈ സർവീസിനെ ആശ്രയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല