1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2025

സ്വന്തം ലേഖകൻ: അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു.

ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെൻഷനിൽ വർധനയില്ല. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ.

നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു.റീബിൽഡ് കേരളയ്ക്ക് 1000 കോടി അനുവദിച്ചു. സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന നികുതി ഏറ്റവും കുറ‌ഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ കെ.എൻ ബാല​ഗോപാൽ പറഞ്ഞിരുന്നു.

കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. കിഫ്‌ബി വായ്പ കടമായി കണക്കാക്കുകയാണ്. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽ പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് അടഞ്ഞ് കിടക്കുന്ന വീടുകൾ ഉപയോഗപ്പെടുത്തിയുള്ള ‘കെ ഹോംസ്’ ടൂറിസം പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടത്തുക. പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തി. ടൂറിസ്റ്റുകൾക്ക് ചെറിയ ചെലവിൽ താമസം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്ത് നിരവധി വീടുകൾ താമസമില്ലാതെ അടഞ്ഞ് കിടപ്പുണ്ട്. അത്തരം വീടുകള് കണ്ടെത്തി ഉടമകൾക്ക് വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ടൂറിസത്തിനായി ഉപയോഗിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവിടങ്ങളിലെ വീടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് പദ്ധതി ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.