1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2025

സ്വന്തം ലേഖകൻ: അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരെയാണ് കഴിഞ്ഞദിവസം അമേരിക്ക സൈനിക വിമാനത്തില്‍ തിരിച്ചയച്ചത്. കൈകളില്‍ വിലങ്ങുകളും കാലുകളില്‍ ചങ്ങലയും ധരിപ്പിച്ചാണ് ഇവരെ വിമാനത്തില്‍ ഇന്ത്യയിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. തിരിച്ചയച്ചവരെ യു.എസ്. കൈകാര്യംചെയ്ത രീതിയില്‍ വ്യാപക പ്രതിഷേധവും ഇന്ത്യയിലുയരുന്നുണ്ട്.

അതിനിടെ, ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന്റെ വീഡിയോ യു.എസ്. ബോര്‍ഡര്‍ പട്രോള്‍ വിഭാഗം മേധാവി മൈക്കിള്‍ ഡബ്ല്യൂ. ബാങ്ക്‌സ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. ഇരുകാലുകളും ചങ്ങലകെണ്ട് ബന്ധിപ്പിക്കപ്പെട്ട ആളുകള്‍ ഉള്ളിലേക്ക് കയറുന്നതും വിമാനം പറന്നുയരുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യയിലേയ്ക്ക് കയറ്റിയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യങ്ങളാണ് ഇവയെന്ന് മൈക്കിള്‍ ഡബ്ല്യൂ. ബാങ്ക്‌സ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്.

അനധികൃത കുടിയേറ്റക്കാരെ യു.എസ്.ബി.പിയും പങ്കാളികളും ചേര്‍ന്ന് ഇന്ത്യയിലേക്ക് വിജയകരമായി തിരിച്ചയച്ചെന്നും സൈനികവിമാനം ഉപയോഗിച്ച് ഏറ്റവും അകലേക്ക് നടത്തിയ തിരിച്ചയക്കലായിരുന്നു ഇതെന്നും എക്‌സിലെ കുറിപ്പിലുണ്ട്. മാത്രമല്ല, കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കാനും ആളുകളെ അതിവേഗം തിരിച്ചയക്കാനുമുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ ദൗത്യം വ്യക്തമാക്കുന്നതെന്നും അനധികൃതമായി യു.എസിലേക്ക് കടന്നാല്‍ നിങ്ങളെ പുറത്താക്കുമെന്നും കുറിപ്പിൽ പറയുന്നു.

അതേസമയം, തിരിച്ചയച്ച ഇന്ത്യക്കാരോട് യു.എസ്. മനുഷ്യത്വരഹിതമായ രീതിയിൽ പെരുമാറിയതിൽ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. യു.എസിന്റേത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.പിമാരായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി എം.പി. അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിന് മുന്നില്‍ ‘മനുഷ്യരാണ് തടവുകാരല്ല’ എന്ന പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ചു.

ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ സൈനികവിമാനം ഉപയോഗിച്ചതിലും അവരെ കൈവിലങ്ങും ചങ്ങലയും ധരിപ്പിച്ചതിലുമാണ് വിമര്‍ശനം ഉയരുന്നത്. മുന്‍പ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ ചാര്‍ട്ടേഡ് യാത്രാവിമാനങ്ങളായിരുന്നു യു.എസ്. ഉപയോഗിച്ചിരുന്നത്. മാത്രമല്ല, നാടുകടത്തുന്നവരെ വിലങ്ങ് അണിയിച്ചിരുന്നുമില്ല. അനധികൃത കുടിയേറ്റത്തിനെതിരേ ശക്തമായ സന്ദേശം എന്ന നിലയ്ക്കാണ് നാടുകടത്തിയവരെ സൈനിക വിമാനത്തില്‍ എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.