1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2025

സ്വന്തം ലേഖകൻ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ടുകള്‍ മുഴുവന്‍ തൂത്തുവാരിയെടുത്ത് റിഫോം യുകെ വളരാന്‍ തുടങ്ങിയതോടെ പിടിച്ചു നില്‍ക്കാന്‍ കുറുക്കുവഴികള്‍ തേടി ടോറികള്‍ രംഗത്ത്. അനധികൃതമായി ദിവസവും യുകെയില്‍ എത്തുന്നവരെ തടയാനോ അഭയാര്‍ത്ഥി അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ അവരെ റുവാണ്ടയില്‍ താമസിപ്പിക്കാനോ ഉള്ള ഒരു ശ്രമവും വിജയിക്കാതിരിക്കവേ നിയമപരമായി യുകെയില്‍ എത്തിയവര്‍ക്ക് പാര പണിയുന്ന നയങ്ങള്‍ പ്രഖ്യാപിച്ച് വീഴ്ച മറക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍. ടോറികള്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ എന്ന നിലയില്‍ കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബഡാനോക്ക് പ്രഖ്യാപിച്ചത് വിചിത്രമായ കാര്യങ്ങളാണ്.

പെര്‍മനന്റ് റെസിഡന്‍സി കിട്ടാനുള്ള കാലയളവ് ഇപ്പോഴത്തെ അഞ്ചു വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമാക്കാനും പൗരത്വം ലഭിക്കാനുള്ള കാലയളവ് ഒരു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി മാറ്റാനാണ് നിര്‍ദേശം. വരുമാനം, ജോലി, ബെനഫിറ്റുകള്‍ തുടങ്ങിയ അനേകം കാര്യങ്ങളില്‍ നിയന്ത്രം കൊണ്ടുവരുമെന്നാണ് കെമിയുടെ പ്രഖ്യാപനം. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ വര്‍ക്ക് പെര്‍മിറ്റില്‍ യുകെയില്‍ എത്തിയിട്ട് ഒരു കാര്യവും ഇല്ല എന്ന സാഹചര്യം ഉണ്ടാവും, നിലവില്‍ യുകെയില്‍ ഉള്ളവരെ ഇത് ബാധിക്കുമോ എന്നും വ്യക്തമല്ല.

വര്‍ക്ക് പെര്‍മിറ്റില്‍ യുകെയില്‍ എത്തുന്നവര്‍ക്ക് ഇപ്പോള്‍ അഞ്ച് വര്‍ഷം തുടര്‍ച്ചായി ഇവിടെ ജോലി ചെയ്താല്‍ പെര്‍മനന്റ് റെസിഡന്‍സി കിട്ടും. അതിനു ശേഷം ഒരു വര്‍ഷം കൂടി യുകെയില്‍ ജീവിച്ചാല്‍ പൗരത്വവും കിട്ടും. രണ്ടു തവണ വലിയ ഫീസ് അടച്ചാണ് വീസാ അപേക്ഷകള്‍ നല്‍കേണ്ടത്. അതിനു ശേഷം പെര്‍മനന്റ് റെസിഡന്‍സിക്ക് വലിയ ഫീസ് അടച്ച് വീണ്ടും അപേക്ഷിക്കണം. പെര്‍മനന്റ് റെസിഡന്‍സി കിട്ടാനുള്ള കാലാവധി പത്ത് വര്‍ഷം ആകുന്നതോടെ ഇരട്ടിയിലധികം ചെലവാകും. ഈ പത്ത് വര്‍ഷവും യാതൊരു ബെനഫിറ്റുകള്‍ക്കും യോഗ്യത ഉണ്ടാവുകയുമില്ല.

ആനുകൂല്യങ്ങള്‍ക്ക് അവകാശം ഉന്നയിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ താമസിക്കാനുള്ള അവകാശം നിഷേധിക്കും എന്നാണ് കെമി ബെയ്ഡ്‌നോക്ക് പറയുന്നത്. റിഫോം യുകെയുടെ വ്യക്തമായ വലതുപക്ഷ നിലപാടുകളില്‍, തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകാന്‍ തുടങ്ങി എന്ന തിരിച്ചറിവാണ് ഇപ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തരാകാന്‍ ടോറികളെ പ്രേരിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അനധികൃത കുടിയേറ്റം തടയുന്നതിനോ, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനോ, എന്തിനധികം, അവരെ താത്ക്കാലികമായെങ്കിലും ഒഴിവാക്കാനുള്ള റുവാണ്ട പദ്ധതിപോലും നടപ്പിലാക്കാനോ കഴിയാതെ പോയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്, ജോലിക്കും മറ്റുമായി നിയമപരമായ വഴികളിലൂടെ ഇവിടെ എത്തുന്നവരെ ആട്ടിയോടിക്കാനാണ്. അതുകൊണ്ടു തന്നെയാണ്, പെര്‍മനന്റ് സെറ്റില്‍മെന്റിന് അപേക്ഷിക്കാന്‍, ബ്രിട്ടനില്‍ ഉണ്ടായിരിക്കേണ്ട കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമായി ഇരട്ടിപ്പിച്ചത്. മാത്രമല്ല, അവരുടെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണം.

പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തിയതിന് ശേഷം കെമി ബെയ്ഡ്‌നോക്ക് നടത്തുന്ന ആദ്യത്തെ പ്രധാന നയ പ്രഖ്യാപനത്തില്‍ പറയുന്നത് അനുസര്‍ച്ചാണെങ്കില്‍, ബ്രിട്ടനില്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കാന്‍ കുടിയേറ്റക്കാര്‍ ഏറെ ക്ലേശിക്കേണ്ടതായി വരും. പത്ത് വര്‍ഷക്കാലം ബ്രിട്ടനില്‍ താമസിച്ചാല്‍ മാത്രം പോര, അക്കാലയളവില്‍ ആനുകൂല്യങ്ങള്‍ വാങ്ങിയിട്ടില്ലെന്നും, സോഷ്യല്‍ ഹൗസിംഗ് സൗകര്യം ഉപയോഗിച്ചിട്ടില്ലെന്നും തെളിയിക്കേണ്ടതായും ഉണ്ട്. മാത്രമല്ല, അവരും അവരുടെ കുടുംബാംഗങ്ങളും, ബ്രിട്ടീഷ് സമ്പദ്ഘടനക്ക് ഒരു ബാധ്യതയാകാതെ, അതിലേക്ക് സംഭാവന ചെയ്യുവാന്‍ തക്ക വരുമാനം ഉണ്ട് എന്നും തെളിയിക്കണം.

ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഉണ്ടെങ്കില്‍ പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കുന്നതില്‍ നിന്നും വിലക്കുണ്ട്. അതുപോലെ, വര്‍ക്ക് വീസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍, ജോലിയില്‍ നിന്നും പുറത്തായാല്‍, വീസ റദ്ദാക്കപ്പെടുകയും, നാടകടത്തപ്പെടുകയും ചെയ്യും എന്നും ബെയ്ഡ്‌നോക്ക് തന്റെ നയത്തില്‍ പറയുന്നു. നിയമ വിരുദ്ധമായി യുകെയില്‍ എത്തുന്നവര്‍ക്കും, വീസ കാലാവധി കഴിഞ്ഞും ഇവിടെ താമസിക്കുന്നവര്‍ക്കും യുകെയില്‍ സ്ഥിരതാമസം അനുവദിക്കാത്ത തരത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്നും അവര്‍ പറയുന്നു.

നിയമത്തില്‍ അനുശാസിക്കുന്ന അഞ്ച് വര്‍ഷം ബ്രിട്ടനില്‍ താമസിച്ചതിന് ശേഷം, ഒരു വര്‍ഷം കൂടി കാത്തിരുന്നതിന് ശേഷം മാത്രമെ നിലവില്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഈ ഒരു വര്‍ഷക്കാലം എന്നത് അഞ്ചു വര്‍ഷമായി ഉയര്‍ത്തുമെന്നും ബെയ്ഡ്‌നോക്ക് പറയുന്നു. കുടിയേറ്റ വിഷയങ്ങളില്‍ കഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് തെറ്റുകള്‍ പറ്റി എന്ന് സമ്മതിച്ച കെമി ബെയ്ഡ്‌നോക്ക്, താന്‍ കൂടുതല്‍ കര്‍ക്കശ സമീപനമാകും സ്വീകരിക്കുക എന്നും പറഞ്ഞു.

നമ്മുടെ രാജ്യം, നമ്മുടെ വീടാണ്, ഒരു സത്രമല്ല. ബ്രിട്ടനോട് ആത്മാര്‍ത്ഥത പുലര്‍ത്തും എന്ന് തെളിയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പൗരത്വം നല്‍കുക, അവര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിക്ക് പുതിയ നേതൃത്വമാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട കയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തങ്ങള്‍ വിളിച്ചു പറയുമെന്നും അവര്‍ പറഞ്ഞു. ബ്രിട്ടീഷ് പാസ്പോര്‍ട്ട് ലഭിക്കുക എന്നത് സ്വാഭാവികമായി ലഭിക്കുന്ന ഒരു അവകാശമല്ലെന്നും അര്‍ഹതയുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന പ്രത്യേക പരിഗണനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലേബര്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്ത നയങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് അനധികൃതമായി പോലും ബ്രിട്ടനില്‍ തങ്ങുവാനുള്ള സൗകര്യമൊരുക്കുന്നവയാണെന്നും അവര്‍ കുറ്റപ്പെടുത്തി. കുടിയേറ്റത്തിന്റെ കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയെ വിശ്വസിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ്, യുഎന്‍ റെഫ്യൂജി കണ്‍വെന്‍ഷന്‍ എന്നിവയില്‍ നിന്നും പിന്മാറാനുള്ള നയവും പാര്‍ട്ടി നയത്തിന്റെ ഭാഗമാക്കാന്‍ കെമി ബെയ്ഡ്‌നോക്ക് ആലോചിക്കുന്നുണ്ട് എന്നാണ് ചില പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബ്രിട്ടനില്‍ സ്ഥിരതാമസം ആകുവാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് കൂടുതല്‍ കടുപ്പമേറിയ ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷ ഏര്‍പ്പെടുത്താനും അവര്‍ ആലോചിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത തവണ, തങ്ങള്‍ അധികാരത്തിലെത്തിയാല്‍, വര്‍ക്ക് വീസകളുടെ എണ്ണം പരിമിതപ്പെടുത്തും എന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിപ്രായ സര്‍വ്വേകളില്‍ റിഫോം യുകെ നേടിയ മേല്‍ക്കൈ ആണ് ഇപ്പോള്‍ പാര്‍ട്ടിയെ കൂടുതല്‍ വലത്തോട്ട് മാറാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.