1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2025

സ്വന്തം ലേഖകൻ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി എഎപി. കഴിഞ്ഞ തവണ 62 സീറ്റുകളുമായി മികച്ച വിജയം കൈവരിച്ച എഎപി 23 സീറ്റുകളിലേക്കു ഒതുങ്ങി. 27 വർഷത്തിനു ശേഷം ‍ഡൽഹിയിൽ അധികാരത്തിലേക്കു തിരിച്ചെത്തിയ ബിജെപി 47 സീറ്റുകളുമായി വൻ വിജയമാണു കൈവരിച്ചത്.

തകർച്ചയ്ക്കു പിന്നാലെ എഎപിക്കു കനത്ത പ്രഹരമായി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും തോറ്റു. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി നേതാവ് പർവേശ് വർമയാണ് കേജ്‍രിവാളിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയത്. കേജ്‍രിവാളിനു പുറമെ ജംഗ്‍പുര മണ്ഡലത്തിൽ ജനവിധി തേടിയ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു.

അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കൽകാജി മണ്ഡലത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി വിജയക്കൊടി പാറിച്ചു. ബിജെപിയുടെ രമേഷ് ബിധുരിയെയും കോൺഗ്രസിന്റെ അൽക ലാമ്പയെയുമാണ് അതിഷി പരാജയപ്പെടുത്തിയത്.

ബിജെപി വിജയത്തിനു പിന്നാലെ ഇന്ത്യാ മുന്നണിയിലെ നിരവധി നേതാക്കൾ എഎപിക്കെതിരെയും കോൺഗ്രസിനെതിരെയും രംഗത്തെത്തി. പരസ്പരം പോരടിച്ചു ഇരുപാർട്ടികളും തോൽവിയേറ്റു വാങ്ങിയെന്നാണു വിമർശനം. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവർ ഇരു പാർട്ടികളെയും വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം വിജയത്തിൽ ജനങ്ങളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. മികച്ച വിജയത്തിനായി കഠിന പ്രയത്നം ചെയ്ത പാർട്ടി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. വൈകിട്ട് ബിജെപി ആസ്ഥാനത്തെത്തുന്ന മോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും.

അതിനിടെ കേജ്‍രിവാളിനെ വിമർശിച്ചു അഴിമതി വിരുദ്ധ സമര നേതാവ് അണ്ണാ ഹസാരെ രംഗത്തെത്തി. നിരവധി തവണ കേജ്‍‍രിവാളിന് മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നുവെന്ന് അണ്ണാ ഹസാരെ വിമർശിച്ചു. ഡൽഹിയിലെ ബിജെപി വിജയം അംഗീകരിക്കുന്നുവെന്നായിരുന്നു കേജ്‍‍രിവാളിന്റെ പ്രതികരണം. ഈ വിജയത്തിനു താൻ ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും അവർ നിറവേറ്റുമെന്നു താൻ പ്രതീക്ഷിക്കുന്നതായും വിഡിയോ സന്ദേശത്തിൽ കേജ്‌രിവാള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.