1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2025

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.

പുതിയ ഭരണകൂടം അധികാരമേറ്റ് കഷ്ടിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രിയെ യുഎസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നുവെന്ന് മിസ്രി പറഞ്ഞു. ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിഷങ്ങള്‍ മോദിയും ട്രംപും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഫെബ്രുവരി 10മുതല്‍ 12വരെ ഫ്രാന്‍സ് സന്ദര്‍ശിച്ച ശേഷം അവിടെ നിന്നാണ് മോദി യുഎസിലേക്ക് പോകുക. പാരീസില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ മോദി സഹ അധ്യക്ഷനാകും.

അതേസമയം, ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി മിസ്രി പറഞ്ഞു. കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങുകളണിയിച് സൈനിക വിമാനത്തില്‍ നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റ പ്രതികരണം. കുടിയേറ്റക്കാരോട് മോശമായി പെരുമാറരുത്. മോശം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിഷയം യുഎസ് അധികാരികളെ ധരിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.