1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2025

സ്വന്തം ലേഖകൻ: ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് മൂന്ന് മാസം തുടരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ പൗരന്മാരുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, പുറത്തുപോകൽ എന്നിവ നിയന്ത്രിക്കുന്ന 2015ലെ 21-ാം നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവർക്ക് രാജ്യത്ത് നിന്ന് പിഴ കൂടാതെ പുറത്തുപോകാനുള്ള അവസരമാണ് ഈ പൊതുമാപ്പ് കാലാവധി.

റസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുകയോ അല്ലെങ്കിൽ എൻട്രി വീസയുടെ കീഴിൽ രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കവിയുകയോ ചെയ്തവർക്ക് ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാം. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും യാത്രക്കുള്ള ടിക്കറ്റുമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ട് ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടാം.

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെർച്ച് ആൻഡ് ഫോളോ അപ്പ് കേന്ദ്രത്തിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയും പൊതുമാപ്പ് കാലാവധിക്കുള്ളിൽ രാജ്യം വിടാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഉച്ചക്ക് ഒരു മണി മുതൽ രാത്രി 9 മണി വരെയാണ് സെർച്ച് ആൻഡ് ഫോളോ വകുപ്പിൽ ഹാജരാകുന്നതിനുള്ള സമയം.

അതേസമയം, പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് യാത്ര ചെയ്യാൻ നിയമപരമായ മറ്റ് തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പൂർത്തിയാക്കി മാത്രമേ രാജ്യം വിടാൻ സാധിക്കുകയുള്ളൂ. അഥവാ അനധികൃത താമസം എന്ന നിയമ ലംഘനം നടത്തിയവർക്ക് മാത്രമേ ഈ അവസരം ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളൂ. താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർ മറ്റ് കേസുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ അവ പൂർത്തിയാക്കി മാത്രമേ രാജ്യം വിടാൻ സാധിക്കുകയുള്ളൂ.

ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്ന കുടുംബ വീസയിൽ ഉൾപ്പെടെയുള്ളവർക്ക് ഈ പൊതുമാപ്പ് ബാധകമാണെന്ന് മനസ്സിലാക്കുന്നു. പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുമെന്ന് കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.