1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2025

സ്വന്തം ലേഖകൻ: ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. മാളിനുള്ളിൽ സ്ഥാപിച്ച സ്റ്റാളുകൾ നീക്കാൻ സ്വദേശി സംരംഭകർക്ക് നിർദേശം ലഭിച്ചു. ഓരോ കച്ചവടക്കാരുടെയും കരാർ അവസാനിക്കുന്നതോടെ കിയോസ്കുകൾ നീക്കേണ്ടി വരും. പെർഫ്യൂം, വാച്ച്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഒട്ടേറെ കിയോസ്ക്കുകൾ ഇവിടെയുണ്ട്.

അതേസമയം, മാൾ മാനേജ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംരംഭകർ ആവശ്യപ്പെട്ടു. കടകൾ ചെറുതാണെങ്കിലും, അതിനു പിന്നിലെ സാമ്പത്തിക ബാധ്യത വലുതാണ്. സ്റ്റാളുകൾ ഒഴിവാക്കുന്നതോടെ ജീവനക്കാർക്കു തൊഴിൽ നഷ്ടപ്പെടും. ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകൾ കൂടി പൂട്ടേണ്ടി വരുന്നതോടെ അവിടെയുള്ളവർക്കും ജോലി നഷ്ടമാകും. പലർക്കും വ്യവസായ ശാലകളുമായി ദീർഘകാലാടിസ്ഥാനത്തിൽ വിതരണക്കരാറുണ്ട്.

പുതിയ തീരുമാനം അത്തരം കരാറുകൾക്കും തിരിച്ചടിയാകും. കോവിഡ് പ്രതിസന്ധി കാലത്തു മാനേജ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് പദ്ധതി തുടങ്ങിയവരാണ് പലരും. പങ്കാളിത്ത സംരംഭം തുടങ്ങിയവർക്കു ലാഭം ലഭിക്കും മുൻപ് സ്റ്റാൾ പൂട്ടേണ്ടി വരുന്നത് വലിയ തിരിച്ചടിയാകും.

പരസ്യങ്ങൾക്കു വൻ തുക മുടക്കിയവരും ബാങ്ക് വായ്പ എടുത്തവരുമുണ്ട്. ഒഴിപ്പിക്കുന്ന സ്റ്റാളുകൾക്കു നഷ്ടപരിഹാരംസംബന്ധിച്ച് നോട്ടിസിൽ പരാമർശിക്കുന്നില്ലെന്നതും സംരംഭകരെ ആശങ്കയിലാക്കുന്നു. അതിനാൽ, ഒട്ടേറെപ്പേരുടെ ജീവിതമാർഗം വഴിമുട്ടിക്കുന്ന തീരുമാനം പുനഃപരിശോധിക്കാൻ മാൾ മാനേജ്മെന്റ് തയാറാകണമെന്നും സംരംഭകർ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.