![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-09-170121-640x394.png)
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റിന്റെ ഇരിപ്പിടത്തില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഇരിക്കുന്ന ടൈം മാഗസിന്റെ കവര്‍ചിത്രത്തെ കുറിച്ച് പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍മസ്‌കിനെ യുഎസ് പ്രസിഡന്റാക്കി രൂപകല്‍പനചെയ്ത കവര്‍ പേജിനേക്കുറിച്ച് ചോദിച്ചപ്പോള്‍ ടൈം മാഗസിന്‍ ഇപ്പോഴും പ്രചാരത്തിലുണ്ടോ എന്നും താനത് അറിഞ്ഞില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
പ്രസിഡന്റിന്റെ ഇരിപ്പിടത്തില്‍ കൈയില്‍ കാപ്പിക്കപ്പുമായി ഇരിക്കുന്ന ചിത്രമാണ് ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചത്. മസ്‌കിന്റെ ഇരുവശത്തുമായി അമേരിക്കന്‍ പതാകയും പ്രസിഡന്‍ഷ്യല്‍ ഫ്‌ളാഗും കാണാം. കവര്‍ പേജ് മാഗസിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.
‘ഇലോണ്‍ ഒരു മികച്ച ജോലിയാണ് ചെയ്യുന്നത്, അദ്ദേഹം വലിയ തട്ടിപ്പും അഴിമതിയുമെല്ലാം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. യുഎസ് എഐഡിയിലൂടെ നിങ്ങളത് കാണുന്നുണ്ടാകും. ഇനിയും കൂടുതല്‍ ഏജന്‍സികളിലൂടെയും നിങ്ങളത് കാണാന്‍ പോകുന്നതേയുള്ളു’, ട്രംപ് പറഞ്ഞു.
ടെക്ക് വ്യവസായിയായ ഇലോണ്‍ മസ്‌ക് ആണ് ട്രംപ് ഭരണകൂടം രൂപംനല്‍കിയ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന് നേതൃത്വം നല്‍കുന്നത്. ഡോജ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അനാവശ്യ ചെലവുകള്‍ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല