1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2025

സ്വന്തം ലേഖകൻ: നെയ്ജല്‍ ഫരാജിന്റെയും ബോറിസ് ജോണ്‍സന്റെയും നേതൃത്വത്തില്‍ ഒരു മെഗ വലതുപക്ഷ പാര്‍ട്ടി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്ന കാര്യം നിഷേധിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. നടക്കാത്ത വിവാഹം എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ദേശീയ താത്പര്യം മുന്‍നിര്‍ത്തി ലേബര്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് റിഫോം യു കെ നേതാവിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേകളെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍, ഇരു പാര്‍ട്ടികളും ചേര്‍ന്നുള്ള സഖ്യത്തിന് ലേബര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയതിന് ശേഷം കീര്‍ സ്റ്റാര്‍മറുടെയും ലേബര്‍ പാര്‍ട്ടിയുടെയും ജനപിന്തുണ അസാധാരണമാം വിധം കുത്തനെ ഇടിയുന്ന കാഴ്ചയാണ് കാണുന്നത്. ടോറി വോട്ടര്‍മാരില്‍ കാല്‍ ഭാഗം പേര്‍ മാത്രമാണ് കെമി ബെയ്ഡ്‌നോക്കിനെ പാര്‍ട്ടി നേതാവാകാന്‍ താത്പര്യപ്പെടുന്നത് എന്ന റിപ്പോര്‍ട്ടുകൂടി ഒരു സര്‍വ്വേയില്‍ വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഫരാജിന്റെ അനുയായികള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ച റോബര്‍ട്ട് ജെന്റിക്കിന്റെ അനുയായികളും തമ്മില്‍ കഴിഞ്ഞയാഴ്ച ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി മെയില്‍ ഓണ്‍ സണ്‍ഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വലതുപക്ഷ ഏകീകരണവുമായി ബന്ധപ്പെട്ട ഒരു അനൗപചാരിക ചര്‍ച്ച നടന്നതായാണ് സൂചന എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഫരാജോ ജെന്റിക്കോ അത്തരമൊരു ചര്‍ച്ചക്ക് അനുമതി നല്‍കിയിട്ടില്ല എന്നാണ് ചില സ്രോതസുകള്‍ അവകാശപ്പെടുന്നത്.

എന്നാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നശിപ്പിക്കാനാണ് റിഫോം യു കെ ശ്രമിക്കുന്നതെന്ന് ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ ഷാഡോ ചാന്‍സലര്‍ അലക്സ് ബര്‍ഗാര്‍ട്ട് ബി ബി സിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ആരോപിച്ചിരുന്നു. നശിപ്പിക്കാനാണ് എന്നറിഞ്ഞുകൊണ്ട് ആരെങ്കിലും വിവാഹത്തിന് സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. സമീപകാലത്ത് നടന്ന അഭിപ്രായ സര്‍വ്വേകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും, പാര്‍ട്ടിയുടെ സഹായികളായിരുന്ന പല ശതകോടീശ്വരന്മാരും റിഫോം പക്ഷത്തേക്ക് മാറുകയും ചെയ്ത സാഹചര്യത്തില്‍, ഈഗോ മാറ്റിവെച്ച്, ഫരാജ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്.

2016ല്‍ ബ്രക്സിറ്റിനായി ഇരുവരും നടത്തിയ പ്രചാരണങ്ങളാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഇരുവരും പ്രത്യേകം പ്രത്യേകമായി, അവരവരുടെ ശൈലിയിലായിരുന്നു പ്രചാരണമെങ്കിലും ലക്ഷ്യം ഒന്നായിരുന്നു. എന്നാല്‍, അഭിപ്രായ സര്‍വ്വേകളില്‍ നേടിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ റിഫോം പാര്‍ട്ടിക്ക് ആയാല്‍, ഐക്യത്തിനായി കൂടുതല്‍ നിബന്ധനകള്‍ ഫരാജ് മുന്നോട്ട് വയ്ക്കുമെന്നാണ് ചില സ്രോതസുകള്‍ സംശയം പ്രകടിപ്പിക്കുന്നത്. നെറ്റ് സീറോ ലക്ഷ്യം ഉപേക്ഷിക്കുന്നത് ഉള്‍പ്പടെയുള്ളവ ഇതില്‍ ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പുകളില്‍ പരസ്പരം ആക്രമിക്കാതിരിക്കുക, അതല്ലെങ്കില്‍ 1980കളില്‍ എസ് ഡി പിയും ലിബറലുകളും തമ്മില്‍ ഉണ്ടായിരുന്ന രീതിയിലുള്ള സഖ്യം, അതല്ലെങ്കില്‍ സമ്പൂര്‍ണ്ണ ലയനം എന്നിവയിലേത് വേണമെങ്കിലും ഡീലില്‍ ഉണ്ടാകും എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഫരാജ് ചാന്‍സലര്‍ ആകുന്നതും പരിഗണനയിലുണ്ടാകാം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണ്‍ തിരിച്ചെത്തുകയാണെങ്കില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന് ചിലര്‍ കരുതുന്നു.

അതേസമയം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അസ്തിത്വവും തത്വശാസ്ത്രവും നയങ്ങളും പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമെ പാര്‍ട്ടിക്ക് തകര്‍ച്ചയില്‍ നിന്നും കര കയറാനാകൂ എന്നാണ് ബോറിസ് ജോണ്‍സണ്‍ വിശ്വസിക്കുന്നതെന്ന് അദ്ദെഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. റിഫോം പോലുള്ള പാര്‍ട്ടികളെ അനുകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കരുതുന്നതായി അവര്‍ പറയുന്നു. അതേസമയം, ബ്രക്സിറ്റ് മോഡല്‍, ബ്രിട്ടനിലെ ഭാവി പ്രചാരണങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും അവര്‍ കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.