![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-05-164721-640x297.png)
സ്വന്തം ലേഖകൻ: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവശേഷിക്കുന്ന ബന്ദികളെക്കൂടി ശനിയാഴ്ച ഉച്ചയോടെ ഗാസയില്‍നിന്ന് വിട്ടയക്കാതിരിക്കുന്നപക്ഷം, ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ എല്ലാ കരാറുകളും റദ്ദാക്കുമെന്നാണ് ഞാന്‍ പറയുന്നത്. സാഹചര്യം വഷളാകട്ടെ, എന്നായിരുന്നു വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറയുന്നത് സ്വന്തം നിലപാടാണെന്നും ഇസ്രയേലിന് അതിനെ മറികടക്കാവുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബന്ദികൈമാറ്റം നീട്ടിവെക്കാന്‍ ഹമാസ് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുന്നത്.
ജനുവരി പത്തൊന്‍പതാം തീയതിയാണ് ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നത്. ഇതിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളില്‍ അഞ്ചുസംഘത്തെ മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി ഇസ്രയേലിന്റെ പിടിയിലായിരുന്ന നൂറുകണക്കിന് പലസ്തീനികള്‍ക്കും മോചനം ലഭിച്ചിരുന്നു.
ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തന്‍ കരാര്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരേ മുതിര്‍ന്ന ഹമാസ് നേതാവ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി ഗാസ ഉടമ്പടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ഹമാസ് നേതാവ് സമി അബു സുഹ്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇരുരാജ്യങ്ങളും ഒരുപോലെ മാനിക്കേണ്ട ഒരു ഉടമ്പടി തയാറാക്കിയിട്ടുണ്ടെന്നും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം അത് മാത്രമാണ്. ഭീഷണിയുടെ ഭാഷ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ മാത്രമേ സഹായിക്കൂവെന്നും സമി അബു സുഹ്രി ഓര്‍മപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല