![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-11-182550-640x421.png)
സ്വന്തം ലേഖകൻ: രാജ്യത്തെ കിയോസ്‌ക്കുകളിലും പലചരക്ക് കടകളിലും സെൻട്രൽ മാർക്കറ്റുകളിലും പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിക്കാനുള്ള നിർദേശവുമായി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. ഇതുൾപ്പെടെ പുകയില ഉൽപന്നങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ അടങ്ങിയ കരട് നിയമം പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുന്നതിനായി സർവേ പ്ലാറ്റ്ഫോമായ ഇസ്തിത്‌ലായിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുകയില ഉൽപന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തേടിക്കൊണ്ടാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുതിയ കരട് നിർദേശങ്ങൾ പ്രകാരം, പുകയില ഉൽപന്നങ്ങളുടെ വിൽപന സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾ പാലിക്കണം. പുകയില ഉൽപന്നങ്ങൾ വാണിജ്യ കേന്ദ്രത്തിൽ സന്ദർശകർക്ക് തീരെ കാണാൻ പറ്റാത്ത രീതിയിൽ 100 ശതമാനം അദൃശ്യമായി അടച്ച ഡ്രോയറുകളിൽ വെക്കണം.
18 വയസ്സിന് താഴെയുള്ള ആർക്കും പുകയില വിൽക്കാൻ പാടില്ലെന്നും വിൽപനക്കാരൻ വാങ്ങുന്നയാളോട് വയസ്സ് തെളിയിക്കുന്ന രേഖ ആവശ്യപ്പെടണമെന്നും കരട് നിയമത്തിലുണ്ട്. ക്യാഷ് കൗണ്ടറിന് മുകളിൽ വ്യക്തമായി കാണാവുന്ന രീതിയിൽ ഒരു മുന്നറിയിപ്പ് അടയാളം സ്ഥാപിക്കണം. പുകവലിയുടെ ദോഷങ്ങളുടെ പ്രകടമായ ചിത്രങ്ങൾ അതിൽ ഉണ്ടായിരിക്കണം. പുകവലി, പുകയില ഉൽപന്നങ്ങളുടെ മറ്റ് ഉപയോഗങ്ങൾ എന്നിവ വായ, ശ്വാസകോശം, ഹൃദയം, ധമനികൾ എന്നിവിടങ്ങളിൽ രോഗങ്ങൾക്കും കാൻസറിനും ഒരു പ്രധാന കാരണമാണ് എന്ന മുന്നറിയിപ്പിൽ പറഞ്ഞിരിക്കണം.
പുകയില ഉൽപന്നങ്ങളുടെ പരസ്യവും പ്രചാരണവും നിരോധിക്കുന്ന വ്യവസ്ഥകളും കരട് നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരോ സന്ദർശകരോ ആകട്ടെ, സ്ഥാപനത്തിനുള്ളിൽ പുകവലിക്ക് നിരോധനമുണ്ട്, ‘പുകവലി പാടില്ല’ എന്ന് എഴുതിയ ബോർഡുകൾ സ്ഥാപിക്കണമെന്നും കരട് നിർദ്ദേശത്തിൽ പറയുന്നു.
എനർജി ഡ്രിങ്കുകളുടെ വിൽപനയക്കും നിയമം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 16 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കരുത്. ഇത് കാണിച്ച് ഒരു ബോർഡ് സ്ഥാപിക്കണം. റഫ്രിജറേറ്ററുകളിലോ അവയ്ക്കായി നിയുക്തമാക്കിയ ഷെൽഫുകളിലോ മാത്രമേ എനർജി ഡ്രിങ്കുകൾ പ്രദർശിപ്പിക്കാവൂ. മറ്റ് പാനീയങ്ങൾക്കും ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഒപ്പം അവ വെക്കരുത്.
ഏതെങ്കിലും തരത്തിലുള്ള സാധനങ്ങളും ഉൽപന്നങ്ങളും സ്ഥാപനത്തിന്റെ തറയിൽ വെക്കുന്നത് നിരോധിക്കണമെന്നും കരട് നിയമത്തിൽ പറയുന്നു. ഷെൽഫുകൾ നിലത്തുനിന്ന് കുറഞ്ഞത് 15 സെന്റീമീറ്റർ ഉയരത്തിലായിരിക്കണം. കടകൾ ഹോം ഡെലിവറി സേവനം നൽകുന്ന സാഹചര്യത്തിൽ, ചട്ടങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായി ആവശ്യമായ പെർമിറ്റുകൾ നേടണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ തൊഴിലാളികളും നിശ്ചിത ആരോഗ്യ നിബന്ധനകൾ പാലിക്കണം. തൊഴിലാളിക്ക് ചർമരോഗങ്ങളോ മുറിവുകളോ വ്രണങ്ങളോ മൂക്കൊലിപ്പോ ഉണ്ടാകരുത്.
അതേസമയം, മുറിവ് വൃത്തിയുള്ള ബാൻഡേജുകൾ കൊണ്ട് മൂടിയിട്ടുണ്ടെങ്കിൽ പ്രശ്‌നമല്ല. വയറിളക്കം, പനി, ഛർദി തുടങ്ങിയവയോ കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് പനി തുടങ്ങിയ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളിൽ ഏതെങ്കിലും ഒന്നോ ബാധിച്ചതായി കണ്ടെത്തിയാൽ, തൊഴിലാളിയെ ജോലിയിൽനിന്ന് വിലക്കാൻ ഭക്ഷ്യസ്ഥാപനം ബാധ്യസ്ഥരാണെന്ന് കരട് നിയമങ്ങൾ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല