![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-08-164257-640x358.png)
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയും പോലീസും തിരയുന്നവരും യു.എസില്‍ കഴിയുന്നവരുമായ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഈ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ യു.എസ്. അധികൃതര്‍ക്ക് കൈമാറിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുപ്രസിദ്ധ കുറ്റവാളികളായ ഗോള്‍ഡി ബ്രാര്‍, അന്മോല് ബിഷ്ണോയി, ദര്‍മന്‍ജോത് കഹ്ലോന്, അമൃത്പാല്‍ സിങ് തുടങ്ങിയവരുടെ പേരുകള്‍ പട്ടികയിലുണ്ടെന്നാണ് വിവരം. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം ഇന്ത്യയുടെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സികളാണ് യു.എസില്‍ താമസിക്കുന്ന കുറ്റവാളികളുടെ പേര് ഉള്‍പ്പെട്ട പട്ടിക തയ്യാറാക്കിയത്. ഇവരുടെ പേരിലുള്ള കേസുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധോലോകത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനായ അന്മോല് നിലവില്‍ യു.എസ്. ജയിലിലാണുള്ളത്. എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ആസൂത്രകനും അന്മോല് ആണെന്നാണ് വിവരം. വ്യാജരേഖകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചതിന് നവംബര്‍മാസത്തിലാണ് യു.എസ്. ഇമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
പഞ്ചാബി ഗായകന് സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ ആസൂത്രകനാണ് ഗോള്‍ഡി ബ്രാര്‍. ബിഷ്ണോയി സംഘത്തിന്റെ ഭാഗമായ ഇയാള്‍, പഞ്ചാബ് സ്വദേശിയാണ്. 2017-ല്‍ സ്റ്റുഡന്റ് വീസയില്‍ കാനഡയിലെത്തിയ ഇയാള്‍ പിന്നീട് കാലിഫോര്‍ണിയയിലേക്ക് തട്ടകം മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല