1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2025

സ്വന്തം ലേഖകൻ: യുകെയിലെ കെയര്‍ മേഖലയില്‍ ജോലിയെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് കെയറര്‍മാര്‍, മതിയായ സൗകര്യങ്ങള്‍ ലഭിക്കാതെ ക്ലേശിക്കുകയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഇവരില്‍ പലരും 20,000 പൗണ്ട് വരെ നല്‍കിയാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വീസ സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നൈജീരിയ, സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും, ബ്രസീല്‍ പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയ 100 ല്‍ അധികം പേര്‍ 5000 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെ വീസ ലഭിക്കുവാന്‍ ഫീസ് നല്‍കിയതായി പറഞ്ഞു. അന്‍പതിലധികം പേര്‍ 10,000 പൗണ്ട് വരെ കൊടുത്തപ്പോള്‍ അഞ്ചുപേര്‍ 20,000 പൗണ്ട് കൊടുത്തു.

വന്‍തുകകള്‍ മുന്‍കൂറായി നല്‍കി, വീസ എടുത്ത് ബ്രിട്ടനില്‍ എത്തിയവര്‍ക്ക് പലപ്പോഴും നിലവാരമില്ലാത്ത താമസ സൗകര്യവും മറ്റ് സൗകര്യങ്ങളുമാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, പലപ്പൊഴും ഇവര്‍ക്ക് വംശീയ വിവേചനം നേരിടേണ്ടി വരുന്നതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ എകദേശം 25 ശതമാനം പേര്‍ താമസിക്കുന്നത് തൊഴിലുടമകള്‍ നല്‍കിയ താമസ സ്ഥലങ്ങളിലാണ്. മറ്റുള്ളവരുമായി കിടപ്പു മുറി ഷെയര്‍ ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നതായി ഇവര്‍ പറയുന്നു. ഒരു കിടപ്പുമുറി മാത്രമുള്ള ഫ്‌ലാറ്റില്‍ പതിനഞ്ചോളം പേര്‍ വരെ താമസിക്കുന്നുണ്ടത്രെ.

അവരില്‍ പലരും വാടക നല്‍കാന്‍ പോലും ക്ലേശിക്കുകയാണ്. രണ്ടു പേര്‍ പറഞ്ഞത് പലപ്പോഴും, തീരെ അസൗകര്യപ്രദമായ സാഹചര്യങ്ങളില്‍ ഉറങ്ങാന്‍ നിര്‍ബന്ധിതരാകാറുണ്ട് എന്നാണ്. 2023/24 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സോഷ്യല്‍കെയര്‍ മേഖലയില്‍ ഏകദേശം 8.3 ശതമാനത്തിന്റെ ഒഴിവുകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കിയത്. അതായത്, ഏകദേശം 1,31,000 ഒഴിവുകളായിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നത്. അത് നികത്തുവാനായി ഏറ്റവും എളുപ്പ മാര്‍ഗ്ഗം വിദേശങ്ങളില്‍നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു.

തൊഴിലാളി യൂണിയനായ യൂണിസണ്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടത് തൊഴിലിടങ്ങളില്‍ ഇവര്‍ കടുത്ത വംശീയ വിവേചനം അനുഭവിക്കുന്നു എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 800 ല്‍ അധികം പേര്‍, തങ്ങള്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വന്നതായി പറഞ്ഞു. ഇതില്‍ 355 പേര്‍ പറഞ്ഞത് സഹപ്രവര്‍ത്തകരില്‍ നിന്നും വിവേചനം അനുഭവിച്ചു എന്നാണ്. 300 പേര്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വന്നത് തൊഴിലുടമകളില്‍ നിന്നായിരുന്നു.

വിദേശങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതിന് അവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതുണ്ട്. അത് ലഭിച്ചതിന് ശേഷം മാത്രമെ വീസയ്ക്കായി അപേക്ഷിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍, ജോലിയില്‍ നിന്ന് പിരിയുകയോ, സ്‌പോണ്‍സര്‍ ചെയ്ത കമ്പനി പൂട്ടുകയോ ചെയ്താല്‍, 60 ദിവസത്തിനകം മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തിയില്ലെങ്കില്‍ നാടുകറ്റത്തപ്പെടാം

യുകെയിലെ കെയര്‍ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതില്‍ വിദേശ ജോലിക്കാര്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാല്‍ വംശവെറി ഉള്‍പ്പെടെ നേരിടുമ്പോഴും പരാതിപ്പെട്ടാല്‍ ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് കെയര്‍ ജീവനക്കാര്‍ തുറന്ന് സംസാരിക്കുന്നില്ലെന്ന് ട്രേഡ് യൂണിയന്‍ യുണീഷന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.