1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2025

സ്വന്തം ലേഖകൻ: യു.എസ്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്‍റെ ട്രംപും തമ്മിൽ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷങ്ങൾ ചർച്ചയായി. വിവിധ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്:

വ്യാപാരം: 500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ യു.എസില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഓയിലും ഗ്യാസും ഇറക്കുമതി ചെയ്യാനുള്ള കരാറും യാഥാര്‍ഥ്യമാകും.

കുറ്റവാളിക്കൈമാറ്റം: 26/11 ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യം സാധ്യമാകും. റാണയെ കൈമാറാനുള്ള നടപടിക്ക് അംഗീകാരം നല്‍കിയതായി ട്രംപ് അറിയിച്ചിട്ടുണ്ട്.

പ്രതിരോധം: അഞ്ചാം തലമുറ എഫ്.-35 യുദ്ധവിമാനങ്ങള്‍ അമേരിക്ക, ഇന്ത്യക്ക് നല്‍കും. അതേസമയം, ഈ കരാറുമായി ബന്ധപ്പെട്ട നടപടികൾ പ്രാരംഭദിശയിലാണെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി പറഞ്ഞു. ജാവലിന്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍, സ്‌ട്രൈകര്‍ ഇന്‍ഫെന്ററി കോംബാറ്റ് വെഹിക്കിള്‍സ് എന്നിവ വാങ്ങാനും അവയുടെ സംയുക്ത നിര്‍മാണത്തിനുമുള്ള നീക്കങ്ങളെക്കുറിച്ചും പ്രഖ്യാപനമുണ്ട്

മെഗാ: മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (എം.എ.ഗി.എ.), മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ (എം.ഐ.ഗി.എ.) മായി ചേര്‍ന്ന് ഇരുരാജ്യങ്ങളുടെയും മെഗാ പാര്‍ട്ണര്‍ഷിപ്പിന് കളമൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യ-യുക്രൈന്‍ യുദ്ധം: ഇന്ത്യ നിഷ്പക്ഷമാണെന്നാണ് ലോകം കരുതുന്നത്. എന്നാല്‍, ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യക്ക് ഒരു നിലപാടുണ്ട്, അത് സമാധാനത്തിന്റേതാണ് എന്നായിരുന്നു റഷ്യ-യുക്രൈന്‍ യുദ്ധത്തേക്കുറിച്ചും ഇന്ത്യന്‍ നിലപാടിനേക്കുറിച്ചുമുള്ള ചോദ്യത്തിന് മോദിയുടെ മറുപടി. റഷ്യ-യുക്രൈന്‍ വിഷയം പരിഹരിക്കാനുള്ള ട്രംപിന്റെ നീക്കത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ബംഗ്ലാദേശ് വിഷയം: ബംഗ്ലാദേശിലെ ആഭ്യന്തരസംഘര്‍ഷം, മുന്‍പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ പലായനം എന്നിവയില്‍ യു.എസിന് പങ്കുണ്ടെന്ന ആരോപണം ട്രംപ് തള്ളി. ബംഗ്ലാദേശ് ഞാന്‍ പ്രധാനമന്ത്രി മോദിക്ക് വിട്ടുനല്‍കുന്നു എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

കുടിയേറ്റം: അമേരിക്കയില്‍ അനധികൃതമായി കഴിയുന്നുവെന്ന് കണ്ടെത്തി തിരിച്ചയച്ച ഇന്ത്യന്‍ പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ ഇന്ത്യ പൂര്‍ണമായും സജ്ജമായിരുന്നെന്ന് മോദി. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യ-ചൈന എല്‍.എ.സി.: ഇന്ത്യയും ചൈനയും തമ്മില്‍ എല്‍.എ.സിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇടപെടാനുള്ള സന്നദ്ധതയും ട്രംപ് മുന്നോട്ടുവെച്ചു. തനിക്ക് സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സന്തോഷമേയുള്ളൂ. കാരണം, തർക്കം അവസാനിപ്പിക്കേണ്ടതാണ്. അത് സംഘര്‍ഷപൂര്‍ണമാണ് എല്‍.എ.സി. വിഷയത്തെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.