
സ്വന്തം ലേഖകൻ: ഡല്‍ഹി ജി.ബി. പന്ത് ആശുപത്രിയിലെ 102 നഴ്‌സുമാരെ പിരിച്ചുവിടാനുള്ള നീക്കത്തിന് തിരിച്ചടി. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്ന നഴ്‌സുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഡല്‍ഹിയിലെ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിലെ പ്രിസൈഡിങ് ഓഫിസര്‍ ആണ് ഉത്തരവിട്ടത്.
വര്‍ഷങ്ങളായി ജി.ബി. പന്ത് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരികയായിരുന്ന മലയാളികള്‍ അടക്കമുള്ള 102 നഴ്‌സുമാരെയാണ് ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്കുപകരം പുതിയ നിയമനം നടത്താന്‍ ആശുപത്രി പുതിയ വിജ്ഞാപനമിറക്കി പരീക്ഷ നടത്തിയിരുന്നു. ഇത് ചോദ്യംചെയ്താണ് ജോലിനഷ്ടപ്പെടുന്ന നഴ്‌സുമാര്‍ ട്രിബ്യൂണലിനെ സമീപിച്ചത്.
പത്ത് വര്‍ഷത്തിലധികം ജോലിചെയ്തവരെ സ്ഥിരപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് വാദിച്ചു. പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരീക്ഷയില്‍ തന്റെ കക്ഷികളില്‍ ആര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ട്രിബ്യൂണലിനെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല