1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2025

സ്വന്തം ലേഖകൻ: എന്‍ എച്ച് എസിന്റെയും സോഷ്യല്‍കെയര്‍ മേഖലയുടെയും ഭാവി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നീക്കങ്ങളുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍). ആര്‍സിഎന്‍ പ്രസിഡന്റ് മലയാളിയായ ബിജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്.

ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലയില്‍ രൂപീകരിക്കുന്ന ഏതൊരു പദ്ധതിയും നഴ്സിംഗ് മേഖലയെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് അവര്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫസര്‍ നിക്കോള റേഞ്ചര്‍, ബിജോയ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത നഴ്സിംഗ് സ്പെഷ്യലൈസേഷനുകളിലുള്ള നഴ്സുമാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.

എന്‍ എച്ച് എസിന്റെയും സോഷ്യല്‍കെയര്‍ മേഖലയുടെയും ഭാവി ശക്തിപ്പെടുത്തുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്ന കൂടിക്കാഴ്ചയില്‍, ഇംഗ്ലണ്ട്, ചീഫ് നഴ്സിംഗ് ഓഫീസര്‍ ഡന്‍കന്‍ ബര്‍ട്ടന്‍, ആരോഗ്യമന്ത്രി കൂടിയായ എം പി കാരിന്‍ സ്മിത്ത് എന്നിവരും പങ്കെടുത്തു. ഭരണകൂടവുമായി നേരിട്ട് സംവേദിക്കുവാന്‍ നഴ്സിംഗ് ജീവനക്കാര്‍ക്ക് ലഭിച്ച ഒരു അപൂര്‍വ്വ അവസരമായിരുന്നു അത്. അവരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്താനും ചിലവയ്ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാനും ഇതുവഴി സാധ്യമായി.

ജീവനക്കാരുടെ കുറവ്, വരാന്തകളില്‍ പോലും രോഗികളെ കിടത്തി ചികിത്സിക്കേണ്ടുന്ന സാഹചര്യം, അതുപോലെ രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു. ആരോഗ്യ സംവിധാനം ശക്തമാക്കാന്‍ ജീവനക്കാരുടെ കുറവ് നികത്തിയെ മതിയാകൂ എന്ന് നഴ്സുമാര്‍ ഹെല്‍ത്ത് സെക്രട്ടറിയെ അറിയിച്ചു.

മാനസികാരോഗ്യ പ്രശ്നങ്ങളും, എന്‍ എച്ച് എസിനുള്ള ഫണ്ടിംഗും ചര്‍ച്ചാ വിഷയമായി. ജീവനക്കാരുടെ ഒഴിവ് എത്രയും വേഗം നികത്തണമെന്നു ആവശ്യം ഉയര്‍ന്നു. എന്‍ എച്ച് എസിന്റെ പ്രതിസന്ധി തരണം ചെയ്യുന്നതിന് ലേബര്‍ പാര്‍ട്ടി നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.