
സ്വന്തം ലേഖകൻ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനുമായി ചർച്ച നടക്കുന്നതായി ഇറാൻ. വിഷയത്തിൽ ഇടപെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് സ്ഥിരീകരിച്ചു.
മരിച്ച തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചർച്ചയ്ക്ക് ഇറാൻ നേരത്തെ ഇടനിലക്കാരാകാമെന്നു ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിലാണ് 37കാരി നിലവിൽ തടവിലുള്ളത്. ചർച്ചയ്ക്ക് ഇറാന് ഹൂത്തി വഴി കുടുംബത്തെ സമീപിക്കാം.
40,000 ഡോളർ നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം കൊല്ലപ്പെട്ട അബ്ദു മെഹ്ദിയുടെ കുടുംബത്തിന് കൈമാറിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി കീർത്തിവർധൻ സിങ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്.
നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞു കൊടുത്തതും ഹനാനാണ്. ഇതിനായി മഹ്‌ദിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു.
മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല