1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2025

സ്വന്തം ലേഖകൻ: വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്.

മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പ്രവാസികളിൽ സ്വദേശി വനിതകളുടെ മക്കളായിട്ടുള്ളവരെ ചട്ടം ബാധിക്കില്ല. പുതിയ തീരുമാനം കുവൈത്തിൽ തൊഴിൽ തേടുന്ന നല്ലൊരു ശതമാനം മലയാളികളെയും ബാധിക്കുമെന്നതിൽ സംശയമില്ല.

രാജ്യത്തിന്റെ പൊതു മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ഭൂരിഭാഗം സർക്കാർ ജോലികളിൽ നിന്നും പ്രവാസികളെ ഒഴിവാക്കാനായി അടുത്തിടെ വലിയ ക്യാംപെയ്​നും തുടങ്ങിയിരുന്നു. അതേസമയം പ്രവാസികൾക്ക് പകരമായി ഉയർന്ന വൈദഗ്ധ്യമുള്ള സ്വദേശികളെ കണ്ടെത്തുന്നതിൽ സർക്കാർ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

നിലവിലെ കണക്ക് പ്രകാരം കുവൈത്തിലെ സർക്കാർ മേഖലയിൽ നിലവിൽ 1,20,000 പ്രവാസികളാണ് ജോലി ചെയ്യുന്നത്. മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളുൾപ്പെടെ പൊതു മേഖലയിൽ മൊത്തത്തിൽ 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്, ഇവരിൽ 55 ശതമാനം പേരും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്.

ഇവർക്ക് പകരമായി സ്വദേശികളെ നിയമിക്കുക അത്ര എളുപ്പമല്ല. ഇക്കൊല്ലം മാർച്ച് 31 കഴിഞ്ഞാൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാർ പുതുക്കില്ലെന്നാണ് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരകണക്കിന് പ്രവാസികളെയാണ് ഇതു ബാധിക്കുന്നത്.

സ്വദേശികളുടെ വിദേശീയരായ ഭാര്യമാരിൽ കുവൈത്ത് പൗരത്വം റദ്ദാക്കിയവരെ സ്വദേശി വനിതകളായി തന്നെ പരിഗണിക്കണമെന്ന് അടുത്തിടെയാണ് നീതിന്യായ മന്ത്രാലയം തീരുമാനിച്ചത്. സമീപ വർഷങ്ങളായി ഇതുവരെ സ്വദേശികളുടെ 29,000 ത്തോളം വിദേശീയരായ ഭാര്യമാർക്കാണ് നിയമപരമായ തെറ്റുകൾ തിരുത്തി പൗരത്വം അനുവദിച്ചത്. പൗരത്വം റദ്ദാക്കിയ വനിതകളുടെ ഹർജി പരിശോധിക്കാനായി രണ്ട് ദിവസം മുൻപാണ് കുവൈത്ത് മന്ത്രിസഭ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.