
സ്വന്തം ലേഖകൻ: സിവിൽ, കമേഴ്സ്യൽ കേസുകളിലെ ബാധ്യതയുടെ പേരിലുള്ള ജയിൽവാസം ദുബായിക്കു പിന്നാലെ ഷാർജയും ഒഴിവാക്കി. നിലവിൽ 3 വർഷം വരെ തടവ് ലഭിച്ചിരുന്നതാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായത്. അതിനാൽ, പണമടയ്ക്കാനില്ലാത്തവർക്ക് ഇനി ഒരുദിവസം പോലും ജയിലിൽ കിടക്കേണ്ടിവരില്ല. എന്നാൽ, ബാധ്യത തീരുംവരെ യാത്രാവിലക്ക് (രാജ്യം വിട്ടുപോകാനാകില്ല) തുടരും.
അതേസമയം, പണമോ മതിയായ ആസ്തിയോ ഉണ്ടായിട്ടും പ്രതി മനഃപൂർവം ബാധ്യത വരുത്തിയതാണെന്ന് കോടതിക്കു ബോധ്യപ്പെട്ടാൽ ശിക്ഷയിൽ ഇളവ് ലഭിക്കില്ല. പ്രതിയുടെ അക്കൗണ്ടിലെ പണം, വാഹനം, വസ്തു, കെട്ടിടം തുടങ്ങിയ ആസ്തികൾ തുടങ്ങിയവ കോടതി കണ്ടുകെട്ടും. ഷാർജ ജുഡീഷ്യൽ കൗൺസിലാണ് പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകിയത്.
സിവിൽ, കമേഴ്സ്യൽ കേസുകളിൽ നിലവിൽ തടവിലുള്ളവർക്ക് പുതിയ നിയമത്തിലൂടെ മോചിതരാകാമെന്ന് യുഎഇയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. നീതിന്യായ വ്യവസ്ഥ സുതാര്യമാക്കുന്നതിനും പ്രതികളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും പണം കിട്ടാനുള്ളവർക്ക് അതു തിരികെ ലഭിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള നിയമഭേദഗതിയാണ് ഷാർജ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല