
സ്വന്തം ലേഖകൻ: ഫെബ്രുവരി 28 വരെയുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ദിനങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു മുന്നോടിയായി യാത്രക്കാര്‍ക്ക് ചില നിര്‍ദേശങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ് അധികൃതര്‍. തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഫെബ്രുവരി 20നും 28നും ഇടയില്‍ 2.5 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പ്രതിദിനം ശരാശരി 280,000 പേരെത്തും. ഫെബ്രുവരി 22 ശനിയാഴ്ച ഇത് 295,000 ല്‍ കൂടുതലായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ എത്തുന്നവര്‍ക്ക് ഫെബ്രുവരി 21 മുതല്‍ അറൈവല്‍സ് ബസ് സ്റ്റോപ്പ് സര്‍വീസ് നിര്‍ത്തിവയ്ക്കും. ബദല്‍ ഗതാഗത ഓപ്ഷനുകളും പുതുക്കിയ ബസ് ഷെഡ്യൂളുകളും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ( ആര്‍ടിഎ ) യുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 33 ലക്ഷത്തിലധികം വിമാനങ്ങളിലായി 70 കോടിയിലധികം യാത്രക്കാരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം, ചരിത്രത്തില്‍ ആദ്യമായി, അന്താരാഷ്ട്ര ഗതാഗതത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ കേന്ദ്രമായി വിമാനത്താവളം മാറിയിരുന്നു. 92.3 ദശലക്ഷം യാത്രക്കാരെയാണ് കഴിഞ്ഞ വര്‍ഷം വിമാനത്താവളം സ്വാഗതം ചെയ്തത്.
2023ല്‍ 87 ദശലക്ഷമായിരുന്ന വാര്‍ഷിക യാത്രക്കാരുടെ എണ്ണം 2024 ല്‍ 91.9 ദശലക്ഷം എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അത് മറികടന്ന് റെക്കോഡ് നേട്ടത്തില്‍ എത്തുകയായിരുന്നു. അതിനു മുൻപുള്ള ഏറ്റവും ഉയര്‍ന്ന റെക്കോഡ് 2018ല്‍ കൊവിഡിന് മുമ്പായിരുന്നു. ആ വര്‍ഷം 89.1 ദശലക്ഷം വാര്‍ഷിക യാത്രക്കാരായിരുന്നു വിമാനത്താവളത്തിലെത്തിയത്. ദുബായ് എയര്‍പോര്‍ട്ട്‌സിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആയിരുന്നു ഏറ്റവും തിരക്കേറിയ മാസം. 82 ലക്ഷം യാത്രക്കാരെയാണ് ആ മാസം വിമാനത്താവളം കൈകാര്യം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല