
സ്വന്തം ലേഖകൻ: പുരുഷന്മാരായ വിദേശികള്‍ക്ക് വേണ്ടി പുതുതായി നിര്‍മിച്ച അഭയ കേന്ദ്രം ഹവല്ലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ രക്ഷാകര്‍തൃത്വത്തില്‍ നിര്‍മിച്ച അഭയ കേന്ദ്രം പബ്‌ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് അല്‍ മുറാദ് ഉദ്ഘാടനം ചെയ്തു.
10,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കേന്ദ്രത്തില്‍ 200-അധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കിടപ്പുമുറികള്‍, സ്‌പോര്‍ട്‌സ് കോര്‍ട്ടുകള്‍, ഹാളുകള്‍, ആരാധനാ മുറികള്‍, മെഡിക്കല്‍ ക്ലിനിക്ക്, ഒരു റസ്റ്ററന്റ്, കേന്ദ്രീകൃത അടുക്കള എന്നിവ ഉള്‍പ്പെടുന്നു. വിപുലികരിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ അഭയകേന്ദ്രം.
ഗാര്‍ഹിക-സ്വകാര്യ കമ്പിനികളിലുള്ള വിദേശികള്‍ക്ക് നേരിട്ടോ, എംബസികള്‍, സര്‍ക്കാര്‍ അംഗീകൃത സാമൂഹിക സംഘടനകള്‍ മുഖേന അഭയകേന്ദ്രത്തെ സമീപിക്കാം. ആഭ്യന്തര-ജുഡിഷ്യല്‍ മന്ത്രാലയവുമായി സഹകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. നിലവില്‍ ജലീബ് അല്‍ ജുവൈഖ് കേന്ദ്രമാക്കി ഒരു വനിത അഭയകേന്ദ്രം അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
വിവിധ എംബസികളില്‍ നിന്നുള്ള സ്ഥാനപതിമാര്‍,നയതന്ത്ര പ്രതിനിധികള്‍, സോഷ്യല്‍ വര്‍ക്ക് സൊസൈറ്റി, കുവൈത്ത് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, കുവൈത്ത് ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി, പേഷ്യന്റ്‌സ് ഹെല്‍പ്പിങ് ഫണ്ട് സൊസൈറ്റി, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുള്‍പ്പെടെയുള്ള പൊതു സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല