1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2025

സ്വന്തം ലേഖകൻ: കുടിയേറ്റം കുറയ്ക്കുന്നതില്‍ കണ്ണുനട്ട് കാനഡ കൊണ്ടുവന്ന പുതിയ വിസാച്ചട്ടം, ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും കാര്യമായി ബാധിക്കും. ഈ മാസം ആദ്യമാണ് ‘ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി പ്രൊട്ടക്ഷന്‍ റെഗുലേഷന്‍’ എന്ന പുതിയ വിസാചട്ടം രാജ്യത്ത് നിലവില്‍വന്നത്.

വിദേശ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ വിസാ പദവിയില്‍ ഏതു സമയത്തും എത്തരത്തിലുമുള്ള മാറ്റവും വരുത്താന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണാധികാരം നല്‍കുന്നതാണ് ഈ ചട്ടം. അതുപ്രകാരം ഇ-വിസകള്‍ പോലുള്ള ഇലക്ട്രോണിക് യാത്രാരേഖകള്‍ (ഇ.ടി.എ.), താത്കാലിക റെസിഡന്റ് വിസകള്‍ (ടി.ആര്‍.വി.) എന്നിവയൊക്കെ നിരസിക്കാനോ റദ്ദാക്കാനോ കനേഡിയന്‍ കുടിയേറ്റകാര്യ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. രാജ്യത്തുപുതുതായി വരുന്നവരുടേയോ നിലവില്‍ കാനഡയില്‍ കഴിയുന്നവരുടെയോ തൊഴില്‍ പെര്‍മിറ്റുകളും വിദ്യാര്‍ഥിവിസകളും റദ്ദാക്കാനും അവര്‍ക്കു സാധിക്കും.

ഏതൊക്കെ സാഹചര്യത്തില്‍ കുടിയേറ്റകാര്യ ഉദ്യോഗസ്ഥര്‍ക്ക് വിസ നിരസിക്കാമെന്നതുസംബന്ധിച്ച മാര്‍ഗനിര്‍ദേശവും സര്‍ക്കാരിറക്കിയിട്ടുണ്ട്. കുടിയേറിയ ഒരാള്‍ നിയമാനുസൃതമായ വിസാകാലവധികഴിഞ്ഞാലും കാനഡ വിടില്ലെന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാരുടെ വിസ റദ്ദാക്കാം. ഇത് പുതുതായെത്തുന്നവര്‍ക്കും രാജ്യത്ത് കഴിയുന്നവര്‍ക്കും ബാധകമാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള വിവേചനാധികാരം പൂര്‍ണമായും ഉദ്യോഗസ്ഥനാണ്.

വിമാനത്താവളങ്ങളില്‍വെച്ചോ തുറമുഖങ്ങളില്‍വെച്ചോ ആണ് വിസ റദ്ദാക്കുന്നതെങ്കില്‍ അവിടെനിന്നുതന്നെ വിദേശികളെ തിരിച്ചയക്കാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഇനി രാജ്യത്ത് തൊഴിലെടുക്കുകയോ പഠിക്കുകയോ ചെയ്യുന്ന ഒരാളുടെ വിസയാണ് റദ്ദാക്കുന്നതെങ്കില്‍ അയാള്‍ക്ക് രാജ്യംവിടാന്‍ നിശ്ചിതസമയമനുവദിക്കും. ഇതറിയിച്ചുള്ള നോട്ടീസ് ഇ-മെയില്‍ വഴിയോ ഐ.ആര്‍.സി.സി. അക്കൗണ്ടുവഴിയോ നല്‍കും.

എന്നാല്‍, വിസയ്ക്കും പഠനത്തിനും കാനഡയിലെ താമസത്തിനുമൊക്കെയായി വിദേശവിദ്യാര്‍ഥികള്‍ ചെലവാക്കിയതോ നിക്ഷേപിച്ചതോ ആയ പണത്തിന് എന്തുസംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാനഡയില്‍ ഏറ്റവും കൂടുതല്‍ വിദേശവിദ്യാര്‍ഥികളും തൊഴിലാളികളുമുള്ളത് ഇന്ത്യയില്‍നിന്നാണ്. 4.2 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കനേഡിയന്‍ സര്‍ക്കാരിന്റെ കണക്ക്.

താത്കാലികവിസയിലെത്തുന്ന വിനോദസഞ്ചാരികളും കൂടുതല്‍ ഇന്ത്യയില്‍നിന്നാണ്. 2024-ന്റെ ആദ്യപകുതിയില്‍ മാത്രം 3.6 ലക്ഷം ഇന്ത്യക്കാര്‍ക്കാണ് കാനഡ സന്ദര്‍ശക വിസ നല്‍കിയത്. 2023-ന്റെ ആദ്യപകുതിയിലും 3.4 ലക്ഷം പേര്‍ക്ക് ട്രാവല്‍ വിസ നല്‍കി. 2024 നവംബറില്‍ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) വിസയും കാനഡ റദ്ദാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.